ടൊറന്റോ: നരേന്ദ്രമോദിക്കായി റീക്കോ കൊളീസിയം തയ്യാറായിക്കഴിഞ്ഞു. നാലു പതിറ്റാണ്ടിനുശേഷം ഔദ്യോഗിക സന്ദര്‍ശനത്തിനായി കാനഡയില്‍ എത്തുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അദ്ദേഹത്തെ എതിരേല്‍ക്കാന്‍ കനേഡിയന്‍ പ്രവാസിസമൂഹം തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി ചടങ്ങുകളില്‍ പങ്കെടുക്കുമോ എന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.
കാനഡ~ഇന്ത്യ ബന്ധത്തില്‍ വന്‍ മാറ്റത്തിനും കുതിപ്പിനും വഴിയൊരുക്കുന്നതാകും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനമെന്ന് ടൊറന്റോയിലെ സ്വീകരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയും നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡോ കനേഡിയന്‍സ് വൈസ് പ്രസിഡന്റുമായ കാശി റാവു ‘മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
മോദി നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പാക്കിവരുന്ന വികസനോന്മുഖമായ മാറ്റങ്ങളാകും ഇവിടെ മാറ്റുരയ്ക്കപ്പെടുക. സാമ്പത്തിക, വ്യാവസായിക, വാണിജ്യ മേഖലകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടാകുമെന്ന ചിന്തയും സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള വേദികൂടിയായി സന്ദര്‍ശനം മാറുമെന്നും കാശി റാവു ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. ‘ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും വ്യവസായ സംരംഭകരുമായുള്ള കൂടിക്കാഴ്‌ചകള്‍ക്കും പുറമെ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പൊതുസ്വീകരണവുമാണ് സന്ദര്‍ശനത്തിന്റെ പ്രത്യേകത. സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മേളന വേദിയില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകളാണ് താല്‍പര്യം പ്രകടിപ്പിച്ചത്. വിവിധ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1100 ലേറെ വളന്റിയര്‍മാര്‍ തന്നെ രംഗത്തുണ്ട്.
മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തിന് കാനഡയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കാണുള്ളത്. ഏതു ഭാഗത്തുനിന്ന് എത്തിവരായാലും ഇവിടെ എത്തുന്നതോടെ കനേഡിയന്‍ സംസ്‌കാരവുമായി ഇഴുകിച്ചേരുകയാണ് ഭാരതീയര്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ ചരിത്രസന്ദര്‍ശനത്തെ ഇന്ത്യന്‍ സമൂഹം അത്യാഹ്‌ളാദത്തോടെയാണ് കാത്തിരിക്കുന്നത്~ കാശി റാവു പറഞ്ഞു.
ഫ്രാന്‍സ്, ജര്‍മന്‍ പര്യടനത്തിനുശേഷം ത്രിദിന സന്ദര്‍ശനത്തിനായി മോദി ചൊവ്വാഴ്‌ചയാണ് കാനഡയുടെ തലസ്‌ഥാനമായ ഓട്ടവയില്‍ എത്തുക. ഔദ്യോഗിക സ്വീകരണത്തിനും ചടങ്ങുകള്‍ക്കുംശേഷം ബുധനാഴ്‌ച വൈകുന്നേരമാണ് ടൊറന്റോയിലെ സ്വീകരണം. സുരക്ഷാ കടമ്പകള്‍ കടക്കേണ്ടി വരുമെന്നതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കുള്ള പ്രവേശനം നേരത്തെ തുടങ്ങും. ബോളിവുഡ് ഗായകന്‍ സുഖ് വീന്ദര്‍ സിങ്ങും ഉള്‍പ്പെടെയുള്ളവരുടെ കലാപരിപാടികളും ചടങ്ങിന് ഓളംപകരും.
വ്യാഴാഴ്‌ച വാന്‍കൂവറില്‍ ഹൈന്ദവ, സിഖ് ആരാധനാലയങ്ങളും സന്ദര്‍ശിച്ചാണ് പ്രധാനമന്ത്രി മോദി മടങ്ങുക. കാനഡയിലെ കുടിയേറ്റക്കാരില്‍ പ്രമുഖ സ്‌ഥാനമാണ് ഇന്ത്യക്കാര്‍ക്കുള്ളത്. അതായത് കാനഡയിലെ മുപ്പതു പേരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍ എന്നതാണ് കണക്ക്~പന്ത്രണ്ട് ലക്ഷത്തിലേറെ പേര്‍. ഇതുതന്നെയാവണം പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കെ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ കനേഡിയന്‍ പ്രധാനമന്ത്രി സ്‌റ്റീഫന്‍ ഹാര്‍പറും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ഔദ്യോഗിക ചടങ്ങുകള്‍ക്കുപുറമെ മോദിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടികളിലും പങ്കെടുക്കാനുള്ള താല്‍പര്യം ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരുതപ്പെടുന്നു.
ഇന്ദിരാ ഗാന്ധി 1973ല്‍ എത്തിയതാണ് ഇതിനു മുമ്പുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാനഡ സന്ദര്‍ശനം. അന്ന് കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന പിയേര്‍ ട്രൂഡോയുടെ മകന്‍ ജസ്‌റ്റിന്‍ ട്രൂഡോ ആണ് വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്‌റ്റീഫന്‍ ഹാര്‍പര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന രാഷ്‌ട്രീയ കക്ഷികളിലൊന്നിന്റെ ഇപ്പോഴത്തെ അമരക്കാരന്‍.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് മാഡിസണ്‍ സ്‌ക്വയറും ഓസ്‌ട്രേലിയയില്‍ സിഡ്‌നി ഓള്‍ഫോണ്‍സ് അരീനയും വഹിച്ച പങ്കാണ് ടൊറന്റോയില്‍ റീക്കോ കൊളീസിയത്തിന്റേത്. പ്രതീക്ഷിക്കുന്ന വ്യത്യാസം പക്ഷേ വലുതാണ്. പലഘട്ടങ്ങളിലായി പുതുക്കിപ്പണിയുകയും ഇപ്പോള്‍ ഐസ് ഹോക്കിക്കും കാനഡ നാഷനല്‍ എക്‌സിബിഷനും (സിഎന്‍ഇ) റോയല്‍ കനേഡിയന്‍ ഹോഴ്സ് ഷോയ്ക്കുമെല്ലാം വേദിയൊരുക്കുകയും ചെയ്യുന്ന റീക്കോ കൊളീസിയം 1922ല്‍ നിര്‍മിച്ചതാണ്.