ക്യാപ്‌റ്റന്‍ തോമസ്‌ ഫിലിപ്പോസ്‌ ധീരതയുടെ പ്രതീകം

കോഴഞ്ചേരി: പാക്ക്‌ അതിര്‍ത്തി ഭേദിച്ച്‌ റാവല്‍പിണ്ടിക്ക്‌ സമീപമെത്തി ബങ്കറുകള്‍ തകര്‍ത്ത്‌ നാടിന്റെ അഭിമാനം കാത്തുസൂക്ഷിച്ച ആറന്മുള മഹാവീര ചക്രയില്‍ ക്യാപ്‌റ്റന്‍ തോമസ്‌ ഫിലിപ്പോസ്‌ (79) വിടവാങ്ങി. പാകിസ്‌ഥാന്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അതിനെതിരെ ശക്‌തമായി നേരിട്ട തോമസ്‌ ഫിലിപ്പോസിന്‌ (ഹവീല്‍ദാര്‍ ഫിലിപ്പോസ്‌) അന്ന്‌ 33 വയസ്‌ മാത്രമായിരുന്നു പ്രായം.

1971 ഡിസംബര്‌ 15 നായിരുന്നു പാകിസ്‌ഥാനെതിരെ ക്യാപ്‌റ്റന്‍ ആഞ്ഞടിച്ചത്‌. ജീവിച്ചിരിക്കുമ്പോള്‍ മഹാവീര ചക്രം ഏറ്റുവാങ്ങാന്‍ ഭാഗ്യ ലഭിച്ച ഏക മലയാളിയായ ക്യാപ്‌റ്റന്‍ തോമസ്‌ ഫിലിപ്പോസിന്റെ റെക്കോര്‍ഡ്‌ ഭേദിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം.
പരമ വീരചക്ര കഴിഞ്ഞാല്‍ സൈനികര്‌ക്ക്‌ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ്‌ മഹാവീര ചക്ര. പാകിസ്‌ഥാന്‍ പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഷെല്ലും, വെടിയുണ്ടകളും ഏറ്റുവാങ്ങിയ ധീര യോദ്ധാവ്‌ ആദ്യം മരിച്ചുവെന്നാണ്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്‌. എന്നാല്‍ രാജ്യത്തിന്റെ വിജയം നേരില്‍ കാണാന്‍ ഇദ്ദേഹത്തിന്‌ ഭാഗ്യം ലഭിച്ചു.

Loading...

ആറന്മുള എരുമക്കാട്‌ പാറടിയില്‌ ചേമടത്ത്‌ തോമസ്‌ ഫിലിപ്പോസിന്‌ (ജോയി) തന്റെ ധീരതയ്‌ക്കുള്ള ബഹുമതിയായി ലഭിച്ച മഹാവീര ചക്രയുടെ ഓര്‍മ്മയ്‌ക്കായി അദ്ദേഹം വീടിന്റെ പേരും മഹാവീര ചക്ര എന്നാക്കി മാറ്റി. മഹാവീരചക്ര ഭവന്‍ എന്ന പേര്‌ ഒരു വീടിനും ഇതുവരെ ഉണ്ടായിട്ടില്ല. സൈനികരുടെ ഓര്‍മ്മക്കായി ആറന്മുളയില്‍ ധീര ജവാന്‍ സ്‌മാരകവും സ്വന്തം ചെലവില്‍ വീടിനോട്‌ ചേര്‍ന്ന്‌ പ്രത്യേക അനുസ്‌മരണ കേന്ദ്രവും അദ്ദേഹം നിര്‍മിച്ചിരുന്നു.

മരണത്തെ തൊട്ടറിഞ്ഞ യുദ്ധസ്‌മരണകള്‍ ഓര്‍ക്കുമ്പോള്‍ തോമസ്‌ എന്നും വാചാലനാകുമായിരുന്നു. 1971 ഡിസംബര്‍ 4 ന്‌ ഇന്ത്യന്‍ സൈന്യം പഞ്ചാബിലെ മാവോ എന്ന സ്‌ഥലത്തുനിന്നും പാക്കിസ്‌ഥാനിലേക്ക്‌ പടയോട്ടം ആരംഭിച്ചു. കൃഷിഭൂമിയിലൂടെയായിരുന്നു ആദ്യ മുന്നേറ്റം. പാക്ക്‌ ഭടന്മാര്‍ വിതറിയിരുന്ന മൈനുകള്‍ മിലിട്ടറി എന്‍ജിനിയര്‍മാര്‍ മുമ്പേ പോയി നിര്‍വീര്യമാക്കികൊണ്ടിരുന്നു. അവര്‍ ഒരുക്കി തരുന്ന വഴിയിലൂടെ തീയുണ്ടകള്‍ പായിച്ച്‌ ഇന്ത്യന്‍ സേന പത്തുദിവസം മുന്നേറി. ഡിസംബര്‌ 15 ന്‌ ഇന്ത്യന്‍ സേനയുടെ 36 അംഗങ്ങള്‍ അടങ്ങുന്ന 16-ാം നമ്പര്‍ മദ്രാസ്‌-തിരുവിതാംകൂര്‍ റെജിമെന്റ്‌ റാവല്‍പിണ്ടിക്ക്‌ 15 കി.മീറ്റര്‍ അകലെ പൊരിഞ്ഞ പോരാട്ടം. അനവധി പാക്‌ ഭടന്മാര്‍ മരിക്കുകയും മുറിവേല്‍ക്കുകയും ചെയ്‌തു. ഇന്ത്യയുടെ ഭാഗത്ത്‌ 36 അംഗ സംഘത്തിലെ എട്ടുപേര്‍ മരിക്കുകയും ലീഡര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.

ലീഡറിന്റെ ഇരുകാലുകള്‍ക്കും വെടിയേറ്റതോടെ സംഘത്തെ നയിക്കാനുള്ള ചുമതല തോമസ്‌ ഫിലിപ്പോസിനായി. മൂവായിരത്തിലേറെ പാക്‌ ഭടന്മാരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന്‌ അപ്പോഴുളളത്‌ 16 പേര്‍ മാത്രം. ഇന്ത്യന്‍ സൈനികരുടെ തോക്കുകള്‍ തെരുതെരെ ഗര്‍ജ്‌ജിച്ചപ്പോള്‍ പാക്‌ പട തിരിഞ്ഞോടി. അതിനിടെ പാക്ക്‌ അതിര്‍ത്തി ഭേദിച്ച്‌ സേന 48 കി. മീ. ഉള്ളിലെത്തിയിരുന്നു. അപ്പോഴേക്കും ഒരു കമ്പനി ഇന്ത്യന്‍ പട്ടാളം കൂടി സ്‌ഥലത്തെത്തി. ഈ സമയം വ്യോമ സേനാക്രമണം പാക്കിസ്‌ഥാന്‍ ആരംഭിച്ചു. അവര്‍ വെടിവെപ്പ്‌ തുടരുന്നതിനിടയില്‍ തോമസ്‌ ഫിലിപ്പോസ്‌ നിലത്തുകൂടി ഇഴഞ്ഞ്‌ മുന്നോട്ടുനീങ്ങി പാക്‌ കേന്ദ്രത്തിലെത്തി അവരുടെ ബങ്കറുകളില്‍ ഗ്രനേഡുകള്‍ വര്‍ഷിച്ച്‌ അവിടം ചാമ്പലാക്കി. തിരികെ പോരുന്നതിനിടെ തന്റെ പുറത്ത്‌ പാക്‌ ഭടന്മാരുടെ വെടിയുണ്ട തുളച്ചുകയറി. ചോരവാര്‍ന്നു പോകുന്ന ശരീരവുമായി നിലത്തുകിടന്ന്‌. പിടഞ്ഞു. ഒടുവില്‍ ആരോ വലിച്ച്‌ ഇന്ത്യന്‍ ക്യാമ്പിലെത്തിച്ചു. വേദന കടിച്ചിറക്കി അവിടെ കഴിയേണ്ടിവന്നു. പിന്നീട്‌ പത്താന്‍കോട്ട്‌ മിലിട്ടറി ആശുപത്രിയിലെത്തിച്ചു. ബോധം നഷ്‌ടമായ ഇദ്ദേഹത്തെ മരിച്ചവരുടെ വിഭാഗത്തില്‍പ്പെടുത്തി ഒരു മുറിയിലേക്ക്‌ തള്ളി. ഇതിനകം ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത രേഖപ്പെടുത്തിയ തപാല്‍ സന്ദേശം നാട്ടിലെത്തിയിരുന്നു.

മണിക്കൂറുകള്‍ കഴിഞ്ഞ്‌ മൃതദേഹങ്ങള്‍ കിടത്തിയിരുന്ന മുറി തൂക്കാനെത്തിയ ആള്‍ തോമസ്‌ ഫിലിപ്പോസിന്‌ ജീവനുണ്ടെന്ന്‌ തിരിച്ചറിഞ്ഞു. ഡോക്‌ടര്‌മാരെ വിവരം അറിയിച്ചു. അതോടെ തോമസിനെ വീണ്ടും ആശുപത്രിയിലാക്കി. 22 ദിവസത്തെ തുടര്‍ ചികിത്സയ്‌ക്ക്‌ ശേഷം അദ്ദേഹം ജീവിതത്തിലേക്ക്‌ മടങ്ങിയെത്തി. 1972 ജനുവരി 28 ന്‌ അദ്ദേഹത്തിന്‌ അന്നത്തെ രാഷ്ര്‌ടപതി വി.വി ഗിരി ക്യാപ്‌റ്റന്‍ തോമസിന്‌ മഹാവീരചക്ര സമ്മാനിച്ചു. തുടര്‍ന്ന്‌ രണ്ട്‌ മാസക്കാലം ഡെല്‍ഹി മുതല്‍ ജന്മനാട്‌ വരെ വമ്പിച്ച സ്വീകരണമാണ്‌ ലഭിച്ചത്‌.