പിറന്നാൾ ദിവസത്തിൽ അമ്മ കേട്ടത് മകന്റെ വിയോ​ഗവാർത്ത: അമ്മയുടെ പിറന്നാൾ ദിനം സർപ്രൈസ് വരവ് പ്ലാൻ ചെയ്ത ക്യാപ്റ്റൻ ദീപക് സാഠേ ഇനിയെത്തുക ചേതനയറ്റ ശരീരവുമായി

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെയെ ഓർത്ത് മാതാപിതാക്കൾ. അവൻ എന്നും അധ്യാപകർക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് അമ്മ നീല സാത്തെ പറഞ്ഞു. മകൻ സ്നേഹനിധിയായിരുന്നുവെന്നും എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നുവെന്നു അവർ പറയുന്നു.

നീല സാഠേയുടെ പിറന്നാളാണിന്ന്. ക്യാപ്റ്റന്‍ ദീപക് സാഠേയുടെ അമ്മ നീല സാഠേയുടെ പിറന്നാൾ. പക്ഷേ, രണ്ടാമത്തെ മകന്റെ വിയോഗവാർത്ത കേട്ടാണ് ഈ അമ്മ ഇന്ന് ഉറക്കമുണർന്നത്. പിറന്നാൾ ദിനത്തിൽ അമ്മയുടെ അടുത്തേക്ക് സർപ്രൈസ് വരവ് പ്ലാൻ ചെയ്തിരുന്ന മകള്‍ അഞ്ജലി മുംബൈയിൽ നിന്നും കോഴിക്കോടേക്ക് പാഞ്ഞു, സഹോദരന്റെ മൃതദേഹം ഏറ്റുവാങ്ങാൻ. ക്യാപ്റ്റന്റെ മരണവാർത്ത ബന്ധുക്കള്‍ ഇന്നലെ തന്നെ അറിഞ്ഞിരുന്നെങ്കിലും ഇന്ന് പുലർച്ചെയാണ് മാതാപിതാക്കളെ വിവരമറിയിച്ചത്.

Loading...

എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തെ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. 30 വർഷത്തെ അനുഭവ സമ്പത്തുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തെ എയര്‍ ഇന്ത്യയില്‍ ജോലിയിൽ പ്രവേശിച്ചത്.

ദീപക് സാത്തെ എന്ന വിദഗ്ധനായ പൈലറ്റിന്റെ ഇടപെടലാണ് കരിപ്പൂർ വിമാനാപകടത്തിന്റെ തീവ്രത കുറച്ചതെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. അല്ലെങ്കിൽ വിമാനം കത്താനുള്ള സാധ്യതയുണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയ എയർ ഇന്ത്യ എക്പ്രസിന്റെ വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളരുകയായിരുന്നു. ആദ്യം പുറത്തുവന്ന മരണ വാർത്തയും വിമാനത്തിന്റെ ക്യാപ്റ്റനായ സാത്തെയുടേതായിരുന്നു.

അമ്മയുടെ 83-ാം പിറന്നാൾ ദിനത്തിൽ ഒരു സർപ്രൈസ് വരവ് ക്യാപ്റ്റൻ ദീപക് സാഠേയും പ്ലാൻ ചെയ്തിരുന്നു. പക്ഷേ കരിപ്പൂരേക്കുള്ള ആ ലാൻഡിങ്ങ് കാത്തുവെച്ചത് മരണമായിരുന്നു. പിറന്നാൾ ദിനത്തില്‍ നീല സാഠേയുടെ മുന്നിലേക്കെത്തിയതാകട്ടെ, ആ വിയോഗവാര്‍ത്തയും. വാർത്ത അറിഞ്ഞതു മുതല്‍ കേണൽ വസന്ത് മൗനിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ”എന്തിനാണ് ഞങ്ങളുടെ രണ്ട് മക്കളെയും ദൈവം കൊണ്ടുപോയത്” എന്നാണ് നീല സാഠേ ചോദിച്ചത്. കേണൽ വസന്ത് ആണ് ക്യാപ്റ്റൻ ദീപക്കിന്റെ അച്ഛൻ. ഇവർക്ക് മൂത്ത മകൻ ലഫ്റ്റനന്റ് കേണൽ വികാസ് വസന്തിനെ 1981 ൽ നഷ്ടമായിരുന്നു.