വിമാനം അ​ഗ്നി​ഗോളമാകാതിരിക്കാൻ ഇന്ധനം പൂർണമായും തീർത്ത് ലാൻഡിംഗിന് ശ്രമിച്ചു: അപകടത്തിന്‍റെ വ്യാപ്തി കുറച്ചത് പൈലറ്റ് സാഠേയുടെ മികവ്

കോഴിക്കോട്: കരിപ്പൂർ ​ദുരന്തത്തിൽ മരിച്ച പൈലറ്റ് എയർ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്‍ധ വൈമാനികരിലൊരാളായിരുന്നു ക്യാപ്റ്റൻ ഡി വി സാഥേ. മുപ്പത് വർഷത്തോളം ഫ്ലൈയിംഗ് എക്സ്പീരിയൻസുള്ളയാൾ. വെല്ലുവിളികളേറെയുള്ള കരിപ്പൂരിലെ ടേബിൾ ടോപ്പ് വിമാനത്താവളം പോലെയുള്ള നിരവധിയിടങ്ങളിലേക്ക് അദ്ദേഹം ഇതിന് മുമ്പും വിമാനങ്ങൾ ഇറക്കിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ഡി വി സാഥെ ലാൻഡിങിന് ശ്രമിക്കുന്നത്. ആദ്യ ശ്രമത്തിൽ ലാൻഡിങ് നടന്നില്ല. രണ്ടാം ശ്രമത്തിൽ പിഴച്ചു. മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് ക്യാപ്റ്റൻ സാഥേ ആ അന്തിമതീരുമാനമെടുക്കുമ്പോൾ തിരിച്ചറിഞ്ഞിരിക്കണം. എങ്കിലും പരമാവധി ജീവനുകൾ കാത്തുകൊണ്ടാണ് അദ്ദേഹം വിമാനമിറക്കിയത്. പക്ഷേ കനത്ത മഴയായതിനാൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിച്ചിരിക്കാമെന്നും വിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു. എന്താണ് സംഭവിച്ചതെന്ന് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സടക്കം ലഭിക്കേണ്ടി വരും.

റൺവേയുടെ പകുതി പിന്നിട്ട ശേഷമാണ് പുറകുവശത്തെ ചക്രങ്ങൾ നിലംതൊട്ടത്. അവിടെ നിന്ന് 25 മീറ്റർ മാറിയ ശേഷം മുൻ ചക്രവും. കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോൾ നിയന്ത്രിക്കാൻ ക്യാപ്റ്റൻ അവസാന ശ്രമം നടത്തി. മഴയായതിനാൽ അത് നടന്നില്ല. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മതിൽ തകർത്ത് പുറത്തേക്ക്. നാൽപ്പതടി താഴ്ചയിലേക്ക് കുത്തനെ വീണു. രണ്ടായി പിളർന്നു. ലാൻഡിംഗ് പല തവണ കറങ്ങിയ ശേഷമായിരുന്നുവെന്ന് യാത്രക്കാർ തന്നെ പറയുന്നു. രാജ്യത്തെ ഞെട്ടിച്ച മംഗളുരു വിമാനദുരന്തത്തിൽ വിമാനം പൂർണമായും കത്തിയമർന്നിരുന്നു. ഇന്ധനം കത്തിയതിനാലാണ് ഇതെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒഴിവാക്കാനാണ് ഇന്ധനം പൂർണമായും തീർത്ത് ലാൻഡിംഗിന് പൈലറ്റ് സാഥേ ശ്രമിച്ചത് എന്നാണ് സൂചന. ഒപ്പം കൈകോർത്ത് കോ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറും കൂടെ നിന്നു.

Loading...

അപകടം നടന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി പൈലറ്റിനെ പുറത്തിറക്കിയപ്പോഴേക്ക് തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. കോ പൈലറ്റ് അഖിലേഷ് കുമാർ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു.
നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു ക്യാപ്റ്റൻ സാഥെ. ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കിയാണ്. ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി. 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോൾ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു. എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ എക്സിപെരിമെന്‍റൽ ടെസ്റ്റ് പൈലറ്റായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയില്‍ എയര്‍ബസ് 310 പറത്തിയതിന് ശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ബോയിങ് 737-ന്‍റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഥെ അറിയപ്പെട്ടിരുന്നത്. സാത്തേയുടെ രണ്ട് മക്കളും ഐഐടിയില്‍ വിദ്യാര്‍ഥികളാണ്.