മൈസൂരു : മൈസൂരുവിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അച്ഛനും മകനും മരിച്ചു. മൈസുരു നഞ്ചൻഗുഡിയിൽ ഞായറാഴ്ച രാത്രി 11മണിയോടെയാണ് അപകടം ഉണ്ടായത്. വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകൻ അബ്ദുൾ നാസർ (46), നാസറിൻ്റെ മകൻ നഹാസ് (14) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ നാസറിന്‍റെ മൂത്ത മകൻ നവാഫിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബം സഞ്ചരിച്ച ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. പിതാവും മകനും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ നഞ്ചൻഗുഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ വാണിയമ്പലത്തിൽ നിന്നും മൈസൂരുവിലേക്ക് തിരിച്ചതായിരുന്നു നാസറും കുടുംബവും. എട്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സജ്നയാണ് അബ്ദുൾ നാസറിൻ്റെ ഭാര്യ. മകള്‍: നിയ ഫാത്തിമ.