കാറും ചരക്കുലോറിയും കൂട്ടിയിടിച്ച്‌ നഗരസഭാ കൗണ്‍സിലറുള്‍പ്പെടെ 2 പേര്‍ മരിച്ചു

കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ദേശിയപാതയില്‍ പാണ്ടികശാലയില്‍ ഉണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്. കര്‍ണാടക ഇരിയൂര്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ പാണ്ഡുരംഗ (34), പ്രഭാകര്‍ (50) എന്നിവരാണ് മരിച്ചത്.

കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കാറിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കാറിനെ ഇടിച്ചശേഷം ഏറെദൂരം നിരക്കിക്കൊണ്ടുപോയാണ് നിന്നത്.

Loading...