യൂസ്ഡ് കാര്‍ ഷോറൂമിന്റെ പൂട്ട് തകര്‍ത്ത് മോഷണം; മോഷ്ടിച്ചത് വില കൂടിയ കാര്‍

വെഞ്ഞാറമ്മൂട് യൂസ്ഡ് കാര്‍ ഷോറൂമിന്റെ പൂട്ട് തകര്‍ത്ത് വില കൂടിയ കാര്‍ മോഷ്ടിച്ചതായി പരാതി. ബാഗ് തൂക്കി മാസ്‌ക് ധരിച്ചെത്തിയ 25 വയസ്സിനടുത്ത് പ്രായമുള്ള ആളാണ് മോഷ്ടാവെന്നാണ് സൂചന. ഷോറൂമിന്റെ മുന്‍ ഭാഗത്തെ സിസിടിവി ക്യാമറ ഓഫ് ചെയ്തിരുന്നതിനാല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇന്ന് രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ വെഞ്ഞാറമ്മൂട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

ഷോറൂമിന്റെ വശത്തുള്ള ഓഫീസ് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അതിന് ശേഷം മേശയും അലമാരയും കുത്തിപ്പൊളിച്ച് താക്കോല്‍ എടുത്തു. കാര്‍ സ്റ്റാര്‍ട്ട് ആക്കിയതിന് ശേഷം ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് വാഹനം പുറത്തിറക്കിയത്. ഓഫീസിലെ സിസിടിവിയില്‍ നിന്ന് പുലര്‍ച്ചെ 1.45ന് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഷോറൂമില്‍ 18ഓളം കാറുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഏറ്റവും വില കൂടിയ കാറാണ് മോഷ്ടിച്ചത്. ഈ കാറിന്റെ താക്കോല്‍ തന്നെ കൃത്യമായി കണ്ടുപിടിച്ച് കാര്‍ മോഷ്ടിച്ചതില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. സ്ഥാപനത്തില്‍ മുന്‍പ് വന്നിട്ടുള്ളതോ, സ്ഥാപനവുമായി ബന്ധമുള്ളവരോ ആകാം ഇതിന് പിന്നിലെന്നാണ് സംശയം.

Loading...