പുൽവാമ ചാവേറാക്രമണത്തിനായി സ്ഫോടകവസ്തു നിറച്ച കാറിന്റെ ഉടമ അറസ്റ്റിൽ

ന്യൂഡൽഹി: ചാവേറാക്രമണത്തിനായി കശ്മീരിലെ പുൽവാമയിൽ ഉപയോഗിക്കാൻ സജ്ജമാക്കിയ കാറിന്റെ ഉടമയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹിസ്ബുൽ മുജാഹിദീൻ ഭീകരനും ഷോപ്പിയാൻ സ്വദേശിയുമായ ഹിദായത്തുല്ല മാലിക്കിന്റെ കാറിലാണു സ്ഫോടകവസ്തുക്കൾ നിറച്ച് ആക്രമണത്തിനു പദ്ധതിയിട്ടത്. ഇയാൾ ഭീകര സംഘടനയിൽ ചേർന്നത് കഴിഞ്ഞ വർഷമാണ്. സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഹിസ്ബുൽ ഭീകരൻ മുഹമ്മദ് ഇസ്മായിലിന് ഇരു സംഭവങ്ങളിലും പങ്കുണ്ടെന്നാണു സൂചന. പാക്കിസ്ഥാനിലുള്ള കൊടും ഭീകരൻ മസൂദ് അസ്ഹറിന്റെ ബന്ധുവാണ് ഇയാൾ.

സിആർപിഎഫ് വാഹനവ്യൂഹത്തിനു 2019 ഫെബ്രുവരി 14നു നേരെ നടത്തിയ ചാവേറാക്രമണത്തിന്റെ തനിയാവർത്തനമായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ജമ്മു കശ്മീർ പൊലീസിനു പുറമേ കേസ് അന്വേഷിക്കുന്നുണ്ട്. 2019ലെ ആക്രമണവുമായി കഴിഞ്ഞ ദിവസത്തെ സംഭവത്തിനുള്ള സാമ്യമാണ് എൻഐഎ പ്രധാനമായും പരിശോധിക്കുന്നത്. 2019ലെ ആക്രമണവുമായി ബന്ധപ്പെട്ട കുറ്റപത്രം എൻഐഎ ജൂലൈയിൽ കോടതിയിൽ സമർപ്പിക്കും.

Loading...

കാറിൽ ഇരുചക്ര വാഹനത്തിന്റെ നമ്പർ പതിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റ് ആണു ഉപയോഗിച്ചത്. കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഹിസ്ബുൽ ഭീകരനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഹിസ്ബുലിനു പുറമെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിനും ആക്രമണ പദ്ധതിയിൽ പങ്കുണ്ടെന്നാണു സൂചന.