നികുതി വെട്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ഏഴുലക്ഷം രൂപയുടെ ഏലക്ക പിടികൂടി

തൊടുപുഴ: കുമളി ചെക്ക് പോസ്റ്റിന് സമാന്തര പാതയിലൂടെ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച 2,220 കിലോ ഏലക്കയും കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച 1000 കിലോ കുരുമുളകും വാണിജ്യനികുതി വകുപ്പ് ഇന്‍റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. രാത്രി 9 മണിയോടെ
തമിഴ്‌നാട്ടിലേക്ക് കടത്താനായി 40 ചാക്കുകളില്‍ നിറച്ച് ടെമ്പോ ട്രാവലറില്‍ കയറ്റുന്നതിനിടെയാണ് ഏലക്ക പിടികൂടിയത്. ഇതിന് 31 ലക്ഷം രൂപ വിലമതിക്കും. സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരില്‍ നാലുപേര്‍ ഓടി രക്ഷപ്പെട്ടു. കുമളി സ്വദേശി ജമാലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഏലക്ക.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കമ്പംമെട്ട് ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നാണ് ഏഴുലക്ഷം രൂപ വിലമതിക്കുന്ന 1000 കിലോ കുരുമുളക് പിടികൂടിയത്. ചേലച്ചുവട് സ്വദേശി ജലജന്‍റെ ഉടമസ്ഥതയിലുള്ളതാണ് കുരുമുളക്. പിടിച്ചെടുത്ത ഏലക്കയ്ക്ക് 7.75 ലക്ഷം രൂപയും കുരുമുളകിന് 1.75 ലക്ഷം രൂപയും വാണിജ്യനികുതി വകുപ്പ് പിഴ ഈടാക്കി.