മുല്ലപ്പൂ വിപ്ലവ നായകർ മൂന്നു കോടിയുടെ തട്ടിപ്പ് കേസിൽ; മറ നീക്കുന്നത് നഴ്സസ് അസോസിയേഷനിലെ പടലപിണക്കം

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം വരെ ഉയർന്ന യുഎൻഎ നേതാക്കൾ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാകും. ആതുര സേവന രംഗത്തെ ചൂഷണങ്ങൾക്കെതിരെ പടപൊരുതിയ യുഎൻഎ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. നഴ്സിങ് രംഗത്തെ മുല്ലപ്പൂ വിപ്ലവമെന്നറിയപ്പെട്ട ഒട്ടേറെ സമര മുഖങ്ങൾക്കും സംഘടന സാക്ഷ്യം വഹിച്ചു. എന്നാൽ സംഘടനയിൽ മൂന്നു കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് സംഘടനയുടെ തന്നെ വൈസ് പ്രസിഡന്‍റ് സിബി മുകേഷ് ആരോപിക്കുന്നത്.

സംഭവത്തിൽ ഡിജിപിക്ക് തന്നെ പരാതിയും നൽകി. സാമ്പത്തിക തട്ടിപ്പ് കേസായതിനാൽ തന്നെ പരാതി ക്രൈംബ്രാഞ്ച് എഡിജിപ്പിക്ക് കൈമാറി. നഴ്സുമാരിൽ നിന്നും ലെവി പിരിച്ചതടക്കമുള്ള തുകയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. യുണൈറ്റ് ന‍ഴ്സസ് അസോസിയേഷൻ എന്ന സംഘടനയുടെ പേരിൽ തൃശൂർ അക്സിസ് ബാങ്കിലെ അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയിലധികം രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായാണ് പരാതി.

Loading...

സംഘടനയിലെ ഭാരവാഹികളുടെ പിന്തുണയോടെയാണ് തട്ടിപ്പെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് പണമെടുത്തിട്ടുണ്ടെന്നും പരാതി വിശദമാക്കുന്നു. സംഘടനാ തീരുമാന പ്രകാരമല്ലാതെ പലര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. എന്നാൽ സംഘടനാ ചുമതലയിൽ നിന്നും പുറത്താക്കിയതിലുള്ള പ്രതിഷേധമാണ് പരാതിക്ക് പിന്നിലെന്ന് ജാസ്മിന്‍ ഷാ പ്രതികരിച്ചു.
ന‍ഴ്സുമാരുടെ ജീവൽപ്രശ്നങ്ങൾ ഉന്നയിക്കാനായി രൂപീകരിച്ച സംഘടനയ്ക്കെതിരായാണ് ഇത്തരം ആരോപണം ഉയരുന്നത് എന്നത് ഏറെ പ്രസക്തമാകുകയാണ്.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാസ്മിൻ ഷാ മത്സരിക്കുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെ നടന്ന നീക്കമാണോ സാമ്പത്തിക തട്ടിപ്പ് കേസ് എന്നതും അന്വേഷണ പരിധിയിൽ വരും.