കലക്ടറുടെ നിര്‍ദേശം ലംഘിച്ച് നാനൂറ് പേരെ പങ്കെടുപ്പിച്ച് പ്രാര്‍ത്ഥന, വികാരിമാര്‍ക്ക് പണികിട്ടി

ലോകമാകെ ഭീതിവിതയ്ക്കുകയാണ് കോവിഡ് 19. ഓരോ ദിവസം കഴുയുന്തോറും രാജ്യത്തും കോവിഡ് 19 ബാധിതരുടെ എണ്ണം കൂടി വരികയാണ്. ഇന്നലെ രോഗം ബാധിച്ച് ഒരാള്‍ കൂടി രാജ്യത്ത് മരിച്ചു. ഇതോടെ കോവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. വൃത്തിയായി നടക്കണമെന്നും ഹാന്‍ സിനിറ്റൈസറുകള്‍ കൂടെ കൂടെ ഉപയോഗിക്കണമെന്നും മാസ്‌കുകള്‍ ധരിക്കണമെന്നുമൊക്കെയാണ് നിര്‍ദേശങ്ങള്‍. ഒപ്പം കൂട്ടം കൂടെരുതെന്നും നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ കാസര്‍ഗോഡ് കോളിച്ചാല്‍ പനത്തടിയിലെ ഒരു പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയാണ് വന്‍ വിവദമായിരിക്കുന്നത്.

ഇതിനിടെ പ്രാര്‍ത്ഥന നടത്തിയ പള്ളി വികാരിക്ക് എതിരെ കേസ് എടുത്തിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ ആളുകള്‍ കൂടിച്ചേര്‍ന്നുള്ള ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ പള്ളി വികാരി ഫാ. തോമസ് പട്ടാംകുളം, അസി. വികാരി ഫാ. ജോസഫ് ഓരത്ത് എന്നിവര്‍ക്ക് എതിരെ രാജപുരം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

Loading...

ആളുകള്‍ കൂട്ടം കൂടരുതെന്ന് കലക്ടര്‍ പറഞ്ഞിരുന്നെങ്കിലും ഈ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തത് നാനൂറോളം പേരാണ്. വന്‍ അപകട സാധ്യത കണക്കാക്കാവുന്ന ഒരു നിലപാടാണ് പള്ളിയുടെയും വികാരിമാരുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. വൈറസ് വാഹകനായ ഒരാള്‍ എത്തിയാല്‍ ഈ നാനൂറ് പേരും രോഗ ബാധിതര്‍ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതേസമയം മത മേലധ്യക്ഷന്മാരുടെ നിര്‍ദേശം പോലും പാലിക്കാതെയാണ് നാനൂറോളം പേരെ പങ്കെടുപ്പിച്ച് പള്ളിയില്‍ ചടങ്ങ് നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്.. കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന് 188-ാം വകുപ്പ് പ്രകാരവും കൊറോണ പ്രതിരോധ നിര്‍ദേശം ലംഘിച്ചതിന് 269-ാം വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് എടുക്കുന്ന ജില്ലയിലെ ആദ്യത്തെ കേസാണിത്.

അതേസമയം സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ മൊത്തം 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 237 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഇന്നലെ മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുതായി 6103 പേരാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 5155 പേരെ രോഗ ബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷത്തില്‍ നിന്ന് ഒഴിവാക്കി. 2921 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 2342 എണ്ണം രോഗബാധയില്ലെന്ന ഫലമാണ് ലഭിച്ചത്. ഇന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.