നടിയുടെ പീഡനപരാതി: അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യും

മുംബൈ: പീഡന പരാതിയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിന് കുരുക്ക് മുറുകുന്നു. അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വെര്‍സോവ പൊലീസ് സ്റ്റേഷനിലേക്കാണ് അനുരാഗിനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താനാണ് വിളിപ്പിക്കുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുംബൈ പൊലീസ് കേസില്‍ അലംഭാവം കാണിക്കുകയാണെന്നാരോപിച്ചുകൊണ്ടായിരുന്നു പരാതിക്കാരിയായ നടിയും അഭിഭാഷകനും ഇവര്‍ക്കെതിരെ രംഗത്തെത്തിയത്.

ഇതിന് തൊട്ടുപിന്നാലെയാണ് അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്.പരാതിയില്‍ അനുരാഗ് കശ്യപിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. അനുരാഗ് കശ്യപ് പ്രശസ്തനായതുകൊണ്ടാണ് പൊലീസ് കേസില്‍ അലംഭാവം കാണിക്കുന്നതെന്നും പാവപ്പെട്ടൊരാള്‍ക്കുനേരെയായിരുന്നെങ്കില്‍ എപ്പോഴേ നടപടിയെടുക്കുമായിരുന്നെന്നും നടിയുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി.നേരത്തെ ഒഷിവാര പൊലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് വെര്‍സോവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ടിവി പരിപാടിക്കിടെയാണ് അനുരാഗ് കശ്യപിനെതിരെ നടി ആരോപണമുന്നയിച്ചത്. എന്നാല്‍ നടിയുടെ ആരോപണം അദ്ദേഹം തള്ളി. മുന്‍ ഭാര്യമാരും കാമുകിയും അനുരാഗ് കശ്യപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പിന്നീടാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.

Loading...