വീട്ടമ്മയുടെ പരാതിയില്‍ മട്ടാഞ്ചേരി അസിസ്റ്റന്റെ കമ്മീഷണര്‍ സുരേഷിനെതിരെ കേസ്

പാലക്കാട്: കേരളാ പോലീസിന് ഒന്നടങ്കം നാണക്കേടായിരിക്കുകയാണ് പാലക്കാട് വീട്ടമ്മ നല്‍കിയ പരാതിയിലെ കോടതി ഇടപെടല്‍. പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ വീട്ടമ്മയെ കയറി പിടിക്കുകയും പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്‌തെന്നാണ് പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഇല്ലാതെ വന്നതോടെ കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു വീട്ടമ്മ. ഒടുവില്‍ കോടതി ഉത്തരവ് പ്രകാരം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് എതിരെ കേസെടുത്തു.

പാലക്കാട് ജില്ലയിലുള്ള ഒരു വീട്ടമ്മയാണ് പരാതിക്കാരി. വീട്ടമ്മ കോടതിയെ സമീപിച്ചതനുസരിച്ച് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പി.എസ്.സുരേഷിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് തൃത്താല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Loading...

കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത് രണ്ട് വര്‍ഷം മുമ്പാണ്. പല തലങ്ങളിലും പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്ന് യുവതി പറയുന്നു. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒരു സ്റ്റേഷനില്‍ സിഐ ആയിരിക്കേ തന്റെ ഭര്‍ത്താവിനൊപ്പം വീട്ടില്‍ വന്നിരുന്നു. ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ വന്നുതുടങ്ങിയതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചു. ഒരുദിവസം പൊലീസ് ജീപ്പില്‍ വീട്ടിലെത്തി അടുക്കളയിലായിരുന്ന തന്നെ കയറിപ്പിടിച്ചു.

കുതറിയോടിയപ്പോള്‍ ഭീഷണിപ്പെടുത്തി. പിന്നീട് പിന്തുടര്‍ന്ന് നിരന്തരം ചീത്ത പറഞ്ഞു. പ്രശ്നങ്ങള്‍ ഒഴിവാക്കാനായി ഭര്‍ത്താവിനോട് സംഭവത്തെക്കുറിച്ചു ആദ്യം പറഞ്ഞില്ല. മകളുടെ പിറന്നാള്‍ ദിവസം വീണ്ടും വീട്ടിലെത്തിയപ്പോള്‍ സംഭവം ഭര്‍ത്താവിനോട് പറഞ്ഞതോടെ ഇത് വഴക്കില്‍ കലാശിച്ചു. പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയെങ്കിലും ആരോപണവിധേയന്റെ മറുപടിയില്‍ പരാതി തീര്‍പ്പാക്കി. തൃത്താല പൊലീസില്‍ നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം നടത്തിയെങ്കിലും ആരോപണത്തില്‍ കഴമ്ബില്ലെന്നു പറഞ്ഞ് നടപടി അവസാനിപ്പിച്ചു.

ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യുവതിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് സ്വകാര്യ അന്യായത്തിന്മേലുള്ള കോടതി ഉത്തരവനുസരിച്ച് മാനഹാനി വരുത്തല്‍, അസഭ്യം പറയല്‍, വീട്ടിനുള്ളില്‍ അതിക്രമിച്ചു കടക്കല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ എന്നിവയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ്സെടുത്തിരുന്നില്ല. തുടര്‍ന്ന് ഇവര്‍ പാലക്കാട് എസ് പിക്ക് പരാതി നല്‍കി. തുടര്‍ നടപടി വൈകിയതോടെ, വീട്ടമ്മ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. ഇതിനിടെ നീതിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പട്ടാമ്പി കോടതിയെ സമീപിക്കാനായരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.