സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും പീഡനപരാതി, 14കാരിയുടെ പരാതിയില്‍ പാര്‍ട്ടി പഞ്ചായത്തംഗത്തിനെതിരെ പോക്‌സോ കേസ്

കൊച്ചി: സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും പീഡന പരാതി. എറണാകുളം ഏഴിക്കര പാര്‍ട്ടി പഞ്ചായത്തംഗത്തിനെതിരെയാണ് പോക്‌സോ ചുമത്തി കേസെടുത്തിരിക്കുന്നത്. ഏഴിക്കര പഞ്ചായത്തംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഇ.ആര്‍. സുനില്‍രാജിനെതിരെയാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.

പഞ്ചായത്തംഗത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉള്‍പ്പെടെയുളള പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവും ആരംഭിച്ചു. സുനില്‍ രാജിനെതിരെ 14 വയസുകാരിയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ കൈയ്യില്‍ കയറി പിടിച്ചെന്നും ആക്രമിക്കാന്‍ ശ്രമിച്ചുമെന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തതോടെ സുനില്‍രാജ് ഒളിവില്‍ പോയി.

അതേസമയം സുനില്‍രാജിനെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. ഇതിനിടെ സുനില്‍രാജിന്റെ രാജി ആവശ്യപ്പെട്ട് ഏഴിക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.