കൊവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു;പൊലീസ് കേസെടുത്തു

കൊച്ചി: കൊവിഡ് രോഗമുക്തരായ ആള്‍ക്കാരെ ഭീതിയോടെയാണ് ഇന്നും സമൂഹം നോക്കിക്കാണുന്നത്. രോഗമുക്തരായ ആള്‍ക്കാരെ പോലും വെറുതെ വിടാറില്ല. താമസിക്കുന്ന സ്ഥലത്ത് തുടരാന്‍ സാധിക്കാത്ത സാഹചര്യം പലര്‍ക്കും ഉണ്ടായിട്ടുണ്ട്. നിരവധി സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് കൊച്ചിയില്‍ നിന്നും പുറത്ത് വരുന്നത്. കൊവിഡ് മുക്തയായ യുവതിയെ കൊച്ചിയിലെ ഹോസ്റ്റലില്‍നിന്ന് ഇറക്കി വിട്ടു. സംഭവത്തില്‍ പൊലീസ് കേസ് എടുക്കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പൊലീസ് ഇന്നലെ യുവതിയില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ഇന്ന് യുവതി താമസിക്കുന്ന കൊച്ചിയിലെ ക്വീന്‍സ് ഹോസ്റ്റല്‍ ഉടമയില്‍ നിന്ന് മൊഴിയെടുക്കും.കൊവിഡ് നെഗറ്റീവായി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ കൊല്ലം സ്വദേശിയായ യുവതിയെ ഉടമ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ തയ്യാറായില്ലെന്നാണ് പരാതി.കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം സ്വദേശിക്കാണ് താമസസ്ഥലം നഷ്ടമായി തെരുവില്‍ ഇറങ്ങേണ്ടി വന്നത്. സെപ്റ്റംബര്‍ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്. 31ന് നടത്തിയ കൊവിഡ് പരിശോധനയില്‍ യുവതിയും കൊവിഡ് പൊസിറ്റീവായി. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗ മുക്തയായി.

Loading...

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഏഴ് ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി. എന്നാല്‍, ഹോം ക്വാറന്റീന്‍ പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറയുന്നു.
കൊവിഡ് സാഹചര്യം തുടരുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് യുവതി. എന്നാല്‍, യുവതി ജോലിക്ക് പോകാത്തപക്ഷം മുഴുവന്‍ സമയം ഹോസ്റ്റല്‍ മുറിയില്‍ ചിലവഴിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കടവന്ത്രയിലെ മേരി ക്വീന്‍സ് ഹോസ്റ്റല്‍ ഉടമയുടെ പ്രതികരണം.