കെഎസ്ആർടിസി വെള്ളക്കെട്ടിൽ ഇറക്കിയ സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്തു

വെള്ളപ്പൊക്കത്തിൽ യാത്രക്കാർ അടക്കമുള്ള കെഎസ്ആർടിസി ബസ്സ് ഇറക്കിയ സംഭവത്തിൽ ഡ്രൈവർ ജയദീപ് എസിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പോലീസാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തത്. കെ.എസ്.ആർ.ടി.സിക്ക് അഞ്ചു ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഡ്രൈവർക്ക് നെരത്തെ സസ്പെൻഷൻ നൽകിയിരുന്നു. പിന്നാലെ ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിലൂടെയാണ് ഇയാൾ ബസ് ഓടിച്ചത്.

ശക്തമായ മഴ പെയ്തതിനെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിലൂടെ ബസ് ഓടിക്കുന്നതിനിടെ ബസ് ഭാഗികമായി വെള്ളക്കെട്ടിൽ മുങ്ങുകയായിരുന്നു. മുക്കാൽ ഭാഗവും മുങ്ങിയ ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചത്.ബസ് വടം ഉപയോഗിച്ച് കെട്ടിവലിച്ച് കരക്ക് കയറ്റി. സസ്‌പെൻഷനിലായതിന് പിന്നാലെ ബസ് മുങ്ങിയ പത്ര വാർത്തയോടൊപ്പം ജയദീപ് കെഎസ്ആർടിസിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സസ്‌പെൻഷൻ ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു. ആളുകളുടെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും സംഭവ സമയത്തെ വീഡിയോ പങ്കുവെച്ച് ജയദീപ് കുറിച്ചിരുന്നു.

Loading...