കുവൈറ്റില്‍ പ്രശസ്തനായ മലയാളി കലാകാരന്‍റെ ചിത്രകലാ സ്ഥാപനത്തില്‍ പത്ത് വയസുകാരി പീഡനത്തിന് വിധേയയായതായി വെളിപ്പെടുത്തല്‍; പ്രതി തന്ത്രപൂര്‍വ്വം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി

കുവൈറ്റ്: കുവൈറ്റില്‍ ചിത്രകലാ പഠന സ്ഥാപനത്തില്‍ 10 വയസുകാരിയായ വിദ്യാര്‍ഥിനിയെ ചിത്രകലാധ്യാപകന്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവം പുറത്തായതോടെ ചില മലയാളി ‘സാമൂഹ്യ പ്രവര്‍ത്തകര്‍’ ഇടപെട്ട് സംഭവം കേസാകും മുമ്പ് പ്രതിയെ കുവൈറ്റില്‍ നിന്നും നാടുകടത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍.

ചിത്രരചനാ രംഗത്ത് ലോക റിക്കോര്‍ഡുകള്‍ക്ക് ഉടമയായ കുവൈറ്റിലെ പ്രശസ്തനായ കലാകാരനെതിരെയാണ് കുവൈറ്റിലെ നിയമ പ്രകാരം ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന ഗുരുതരമായ ബാലപീഡന ആരോപണം ഉയര്‍ന്നത്. കുവൈറ്റില്‍ നടക്കുന്ന മിക്ക പൊതുപരിപാടികളിലും കാരിക്കേച്ചര്‍ രചനയുമായി ബന്ധപ്പെട്ട് സജീവ സാന്നിധ്യമായിരുന്ന ആളാണ്‌ ആരോപണ വിധേയനായ കലാകാരന്‍.

Loading...

ഇയാളുടെ വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ചിത്രകലാ പഠന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന 10 വയസുകാരിക്കാണ് ക്രൂരമായ അനുഭവം ഉണ്ടായത്. ഈ ജനുവരി ആദ്യവാരത്തിലാണ് സംഭവം കുട്ടിയുടെ രക്ഷിതാക്കള്‍ അറിയുന്നതും പുറത്താകുന്നതും.

കഴിഞ്ഞ ക്രിസ്തുമസിന്റെ തലേദിവസം ചിത്രകലാ സ്ഥാപനത്തില്‍ പഠനത്തിനെത്തിയ കുട്ടിയെ ഇയാള്‍ ശാരീരിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്ന്‍ വീട്ടിലെത്തിയ കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. കാര്യം തിരക്കിയപ്പോഴായിരുന്നു പീഡന വിവരം പുറത്തറിയുന്നത്.

കുവൈറ്റിലെ പ്രശസ്തനായ കലാകാരനില്‍ നിന്നുണ്ടായ അനുഭവം കുടുംബത്തെ ഞെട്ടിച്ചു. തുടര്‍ന്ന്‍ കുട്ടിയുടെ പിതാവ് അദ്ദേഹത്തിന് പരിചയമുള്ള ചില മലയാളി പൊതു പ്രവര്‍ത്തകരെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടെ കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഇക്കാര്യം ഫെയ്സ്ബുക്കില്‍ പ്രതിയുടെ ഫോട്ടോ സഹിതം പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.

സംഭവത്തെ കുറിച്ച് കുവൈറ്റ് പ്രവാസി മലയാളി വെളിപ്പെടുത്തുന്നത് ഇങ്ങനെ…..

പറയാന്‍ പോകുന്ന സംഭവം,കുവൈത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ പറയുവാനോ ചര്‍ച്ച ചെയ്യപ്പെടുവാനോ കരുതിയ കാര്യമല്ല. ഈ സംഭവത്തിലെ പ്രതിനായകനായ കൊടും കുറ്റവാളിയുടെ കുടുംബത്തെ ഓര്‍ത്തു കൊണ്ടു മാത്രമായിരുന്നു ഇക്കാര്യം ഇതുവരെ പറയാതിരുന്നതും..എന്നാല്‍ ഇതില്‍ ഇരയാക്കപ്പെട്ട പെണ്‍ കുട്ടിയും അവരുടെ കുടുംബവും അനുഭവിച്ചു വരുന്ന മാനസിക വ്യഥ കണക്കിലെടുത്തു കൊണ്ടും, പ്രായ പൂര്‍ത്തിയായതും അല്ലാത്തതുമായ പെണ്‍ കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളിലെ ഉന്നതി ലക്ഷ്യമിട്ടു കൊണ്ട് ട്യൂഷന്‍ ക്ലാസുകളില്‍ അയക്കുന്ന രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുന്നതിനു വേണ്ടിയും മാത്രമാണു മനസ്സാക്ഷി മരവിക്കാത്ത ആരെയും നടുക്കുന്ന ഇക്കാര്യം തുറന്നു പറയാന്‍ ഇപ്പോള്‍ തീരുമാനിച്ചത്.

ഇതില്‍ ഇരയാക്കപ്പെട്ട 10 വയസ്സുകാരിയുടെയോ അവളുടെ കുടുംബത്തിന്റെയോ പേരു വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമാക്കി വെച്ച് എഴുതുന്ന ഈ കുറിപ്പ് വായനക്കാരും അതേ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളുമെന്ന വിശ്വാസത്തോടെ ആരംഭിക്കാം..

മൂന്നു മാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2018 ജനുവരി ആദ്യ ആഴ്ച ഈ സംഭവത്തിലെ ഇരയാക്കപ്പെട്ട കുട്ടിയുടെ പിതാവും എന്റെ സുഹൃത്തുമായ വ്യക്തിയാണു എന്നെ വിളിച്ച് വിവരം വിളിച്ചറിയിക്കുന്നത് .കുവൈത്തില്‍ സ്വയം പ്രശ്തനായ ഒരു മലയാളം ചിത്രകാരനെതിരെയുള്ള ഗുരുതരമയ വിവരമാണു അദ്ധേഹം എനിക്ക് കൈമാറിയത്.ചിത്രകലാ പഠനത്തിനായി അധ്യാപകന്റെ താമസ സ്ഥലത്തെ റ്റിയൂഷന്‍ സെന്ററില്‍ എത്തിയ 10 വയസ്സുകാരിയായ മകളെ ഈ ചിത്രകലാധ്യാപകന്‍ ക്രൂരമായി പീഢിപ്പിക്കുകയും ഇതേ തുടര്‍ന്ന് മകള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു പിതാവിന്റെ രോദനം. കഴിഞ്ഞ ക്രിസ്മസ് തലേന്നായിരുന്നു സംഭവം.

അതിനാല്‍ തന്നെ ക്രിസ്മ ദിനത്തില്‍ ആ കുടുംബം മരണ വീട്ടിനു സമാനമായിരുന്നു കഴിച്ചു കൂട്ടിയതും. വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട ഞാന്‍ ഉടന്‍ തന്നെ എന്റെ ബ്യൂറോ ചീഫ് ആയ ഇസ്മായില്‍ പയ്യോളിയെ വിവരം അറിയിച്ചു.അദ്ധേഹം അന്നു നാട്ടിലായിരുന്നു. വലിയൊരു വാര്‍ത്തക്കുള്ള സംഭവമായിട്ടും വിഷയത്തിന്റെ മാനുഷിക മുഖം മനസ്സിലാക്കിയ അദ്ധേഹം തല്‍ക്കാലം വാര്‍ത്ത നല്‍കേണ്ടതില്ലെന്നു തീരുമാനിക്കുകയും അതീവ ഗൗരവ തരമായി ഇക്കാര്യം കല കുവൈത്തിന്റെ ഉന്നത വ്യക്തികളായ എന്‍. അജിത് കുമാര്‍ , സാം പൈനും മൂട് , സജി തോമസ് മാത്യു , സജി ജനാര്‍ദ്ധനന്‍ എന്നിവരെ അറിയിക്കുകയും ചെയ്തു.ഇതിനിടയില്‍ സംഭവം പെണ്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ചിത്ര കാരന്റെ ഫോട്ടൊ വെച്ച് കൊണ്ട് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.

പ്രസ്ഥുത വ്യക്തിയെ ചിത്ര കാരന്‍ ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയതായി പരാതി ലഭിക്കുകയും ചെയ്തിരുന്നു. കലയുടെ സാമൂഹിക പ്രതിബദ്ധതയുള്ള നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ചിത്ര കാരനും ഇരയാക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളും മുഖാമുഖം വിഷയം ചര്‍ച്ച ചെയ്തു.ആദ്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ വിലങ്ങു തടിയായതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പ്രതി മുഴുവന്‍ കുറ്റവും സമ്മതിച്ചു.. പോലീസിനു കൈമാറണമെന്ന പൊതു ആവശ്യത്തിനു മുന്നില്‍ ദൈവ ഭക്തരായ കുട്ടിയുടെ രക്ഷിതാക്കള്‍ ഉദാരമനസ്‌ക്കത പ്രകടിപ്പിച്ചു. ഇതിനകം മറ്റു കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഇയാള്‍ക്കെതിരെ ഇതേ പരാതി ഉയര്‍ന്നിരുന്നു.

അതിനാല്‍ തന്നെ ചിത്ര കലാ അധ്യാപനത്തിന്റെ പേരില്‍ നടത്തുന്ന ഇയാളുടെ മനോരോഗം അവസാനിപ്പിക്കണമെന്നായിരുന്നു ഇരയാക്കപ്പെട്ട പെണ്‍ കുട്ടിയുടെ രക്ഷിതാക്കളുടെ ഒരേ ഒരു ആവശ്യം.അങ്ങിനെയാണു മാര്‍ച്ച് 31 നകം കുവൈത്ത് വിട്ടു പോകാനും നാട്ടില്‍ മനോ രോഗ ചികില്‍സ ലഭ്യമാക്കാനും ആവശ്യപ്പെട്ടുള്ള ഫോര്‍മ്മുല കലയുടെ നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്.

ക്രിസ്മസ് തലേന്ന് ചെയ്ത കൊടും പാപത്തിനു ഈസ്റ്റര്‍ തലേന്നു തന്നെ ശിക്ഷ ലഭിക്കുക എന്ന കാലത്തിന്റെ കാവ്യ നീതിയും തീരുമാനത്തിനു പിന്നിലെ യാദൃശ്ചികതയാവാം..ഏതായാലും ഗിന്നസ് ലോകത്ത് വിരാചിച്ചിരുന്ന കലാ കാരനും കുടുംബവും കുവൈത്ത് ജീവിതം അവസാനിപ്പിച്ചു ഇപ്പോള്‍ നാട്ടില്‍ എത്തിയിരിക്കുകയാണു.റ്റിയൂഷന്‍ ക്ലാസുകളിലും മറ്റും പ്രായ പൂര്‍ത്തിയായതും അല്ലാത്തതുമായ മക്കളെ പഠനത്തിനു വിടുന്ന രക്ഷിതാക്കള്‍ക്ക് ഒരു പാഠമാവട്ടെ ഈ സംഭവം.