പാറ്റ്‌ന: ലോക്ക്ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് സംസ്ഥാന സര്‍ക്കാരുകളും പൊലീസുകാരും. ഇതിനിടയില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. സാധാരണക്കാരായിട്ടുള്ള ആള്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് തെറ്റായ മെസ്സേജാണ് സമൂഹത്തിന് നല്‍കുന്നത്.
കഴിഞ്ഞ ദിവസം കുമാരസ്വാമിയുടെ മകന്റെ വിവാഹം ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ നടത്തിയത് വന്‍ വിവാദമായിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പുതിയ വാര്‍ത്ത വരുന്നത് ബിഹാറില്‍ നിന്നുമാണ് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പാലുകാച്ചല്‍ വിരുന്ന് സംഘടിപ്പിച്ച മന്ത്രിയുടെ സഹായിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇയാള്‍ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി കൃഷ്ണാനന്ദ് പ്രസാദ് വര്‍മയുടെ അടുത്ത സഹായിയുമാണ്.
ഏപ്രില്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രിയുടെ സഹായി പാട്ടു യാദവ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. ഇവര്‍ക്കൊപ്പം ജൊഹാനാബാദ് സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രഭാത് ഭൂഷണെതിരെയും കേസെടുത്തിട്ടുണ്ട്. മാത്രമല്ല പ്രാദേശിക വാസികളായ നിരവധി പേരും ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത പേരറിയാത്ത മുപ്പതോളം പേര്‍ക്കെതിരെയായിരുന്നു പരാതി ലഭിച്ചത്.
ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് സൂപ്രണ്ട് മനീഷ് നിര്‍ദേശിക്കുകയായിരുന്നു. അതേസമയം വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത് ഇങ്ങനെയാണ്. പാര്‍ട്ടിയില്‍ സാമൂഹിക അകലം പാലിച്ചിരുന്നോ എന്നറിയില്ലെന്നും അത് അന്വേഷണ വിധേയമണെന്നുമാണ് മന്ത്രി പ്രതികരിച്ചത്. ഏതായാലും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ യാദവിനെതിരെ കേസെടുത്തിരിക്കുന്നത്.