എസ്പി നിശാന്തിനി പേഴ്‌സിയോട് മാപ്പ് പറഞ്ഞു, ഒത്തുതീര്‍പ്പാക്കിയത് 18.5 ലക്ഷത്തിന്, കോടതി നടപിടികളും അവസാനിപ്പിച്ചു

കൊച്ചി: ബാങ്ക് മാനേജറെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ആര്‍. നിശാന്തിനി ഐപിഎസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കക്ഷികള്‍ തമ്മില്‍ പരാതി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയ പശ്ചാത്തലത്തിലാണിത്. ഒത്തുതീര്‍പ്പിലെത്തിയതോടെ തുടര്‍ നടപടി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖ മാനേജരായിരുന്ന പഴ്സി ജോസഫിനെ വനിത പോലീസുകാരെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചെന്നായിരുന്നു കേസ്. കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിന് നിശാന്തിനിയും പോലീസുകാരും തയാറായത്.

18.5 ലക്ഷം രൂപ നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖാ മുന്‍ മാനേജര്‍ പേഴ്സി ജോസഫ് ഡസ്മണ്ടിനെ തൊടുപുഴ മുന്‍ എഎസ്പി മര്‍ദ്ദിച്ചെന്നും കള്ളക്കേസില്‍ കുടുക്കിയെന്നും ആരോപിച്ച് നല്‍കിയ കേസാണ് ഒത്തുതീര്‍പ്പാക്കിയത്. ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററില്‍ ജൂലൈ 12ന് തുക കൈമാറിയിരുന്നു.

Loading...

ആര്‍ നിശാന്തിനിക്കും മറ്റ് പോലീസുകാര്‍ക്കുമെതിരെ പേഴ്സി ജോസഫ് നല്‍കിയ മൊഴി പോലീസ് നശിപ്പിക്കുകയും അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ നീക്കവും നടത്തി. എട്ട് വര്‍ഷത്തോളമാണ് നിയ പോരാട്ടം തുടര്‍ന്നത്. തിരിച്ചടി ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമവായത്തിന് തയ്യാറാവുകയായിരുന്നു.

2011 25,26 തീയതികളിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തൊടുപുഴ യൂണിയന്‍ ബാങ്കില്‍ എത്തിയ തൊടുപുഴ പോസ് സ്റ്റേഷനിലെ പോലീസുകാരിയെ അപമാനിക്കാന്‍ ബാങ്ക് മാനേജറായിരുന്ന പേഴ്സി ശ്രമിച്ചു എന്നാരോപിച്ച് കേസ് ചാര്‍ജ് ചെയ്തു. അടുത്ത ദിവസം തന്നെ നിശാന്തിനി തന്നെ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് പേഴ്സി ആരോപണവുമായി രംഗത്തെത്തി.

ജൂലൈ 26 വൈകുന്നേരത്തോടെ പേഴ്സിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രി മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് മൂന്ന് ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. അന്യായമായി തന്ന് ഉപദ്രവിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 പേരെ പ്രതികളാക്കി പേഴ്സി തൊടുപുഴ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. കേസില്‍ വിധി വരുന്നതിന് തൊട്ട് മുന്നെയാണ് ഒത്തുതീര്‍പ്പുണ്ടായത്.

കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസ്സുകാരന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ ആയത് എന്നും വിവരമുണ്ട്. ഹൈക്കോടതി നിര്‍ദേശിച്ച മീഡിയേറ്ററുടെ സാന്നിധ്യത്തില്‍ 18.50 ലക്ഷം രൂപ പേഴ്സി ജോസഫിന കൈമാറി. നിശാന്തിനി, പേഴ്സിയോടു മാപ്പു പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കിയതു സംബന്ധിച്ചു ഹൈക്കോടതിയുടെ റിപ്പോര്‍ട്ട് തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ശേഷം പേഴ്സി ജോസഫ് കേസ് പിന്‍വലിക്കുന്നതായി അറിയിച്ചു.