അപകീര്‍ത്തിപ്പെടുത്താന്‍ 25 പേജുള്ള വ്യാജ കത്ത്; ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന, ഗണേഷിനും സരിതയ്ക്കുമെതിരെ കേസെടുത്തു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ എംഎല്‍എ കെ ബി ഗണേഷ്‌കുമാറിനും സോളര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കുമെതിരെ കേസ്. അഡ്വ.സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തിലാണു നടപടി. വ്യാജ തെളിവുകള്‍ ഹാജരാക്കി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഉമ്മന്‍ചാണ്ടിക്കും പ്രമുഖര്‍ക്കും എതിരെ 25 പേജുള്ള കത്ത് സരിത എസ് നായര്‍ ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയിരുന്നു. കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കാണിച്ചു കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ.സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്സ് മുഖേന ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തിലാണു നടപടി.

സോളര്‍ കേസില്‍ അറസ്റ്റിലായി പത്തനംതിട്ട ജയിലില്‍ കഴിഞ്ഞപ്പോള്‍ സരിത എഴുതിയ കത്ത് പിന്നീട് വിവാദമായി. ഈ കത്താണു സരിത ജുഡീഷ്യല്‍ കമ്മിഷനു കൈമാറിയത്. എന്നാല്‍ ജയിലില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നതെന്നും പിന്നീട് 4 പേജ് കൂട്ടിച്ചേര്‍ത്തെന്നും ആരോപിച്ചാണു കോടതിയെ സമീപിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടക്കം പ്രമുഖരെ പ്രതികളാക്കി രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ കെ ബി ഗണേഷ്‌കുമാറിന്റെ അറിവോടെ പിഎ പ്രദീപ്കുമാറും ഗണേഷിന്റെ ബന്ധു ശരണ്യ മനോജും കൊട്ടാരക്കര കേന്ദ്രീകരിച്ചു ഗൂഢാലോചന നടത്തിയെന്നും ഉമ്മന്‍ചാണ്ടിയുടേത് ഉള്‍പ്പെടെ പേരുകള്‍ എഴുതിച്ചേര്‍ത്തുമെന്നുമായിരുന്നു ആരോപണം.

Loading...

21 പേജുകളുള്ള കത്ത് സരിത അന്നത്തെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനു കൈമാറിയതിന്റെ രേഖകള്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തിയ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കേസെടുക്കുകയായിരുന്നു. കോടതി ഇരുവര്‍ക്കും സമന്‍സ് അയയ്ക്കാനും ഉത്തരവിട്ടു. കൃത്രിമ രേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അടുത്ത മാസം 30നു കേസ് വീണ്ടും പരിഗണിക്കും.