ആത്മഹത്യാ ശ്രമത്തിന് ​​ഗ്രീഷ്മയ്ക്ക് എതിരെ കേസ് എടുത്തു

തിരുവനന്തപുരം. ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. മജിസ്‌ട്രേറ്റ് ഗ്രീഷ്മ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം ആത്മഹത്യാ ശ്രമത്തിന് ഗ്രീഷ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കേസില്‍ തെളിവ് നശിപ്പിച്ചതിന് കൂട്ടുനിന്ന ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കളിയിക്കാവിളയിലെത്തിച്ച് തെളിവെടുപ്പ് നടത്തു.

ചൊവ്വാഴ്ച പ്രത്യേക വൈദ്യ സംഘം ഗ്രീഷ്മയെ പരിശോധിക്കും. സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ പോലീസ് സ്വീകരിക്കുക. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതില്ലെന്ന് വൈദ്യസംഘം തീരുമാനിച്ചാല്‍ ഗ്രീഷ്മയെ മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ആരോഗ്യ നില മെച്ചപ്പെട്ട് ഡിസ്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ നാളെ തന്നെ കസ്റ്റഡി അപേക്ഷ നല്‍കി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങും.

Loading...

കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൂടുതല്‍ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. അതേസമയം മകനെ കൊലപ്പെടുത്തിയ വിഷം തയ്യാറാക്കിയ ഗ്രീഷ്മയുടെ അമ്മയ്‌ക്കെതിരെ ഗൂഢാലോചനാ കുറ്റം മാത്രം ചുമത്തിയാല്‍ പോര കൊലകുറ്റത്തിന് കേസ് എടുക്കണമെന്ന് ഷാരോണിന്റെ പിതാവ് ആവശ്യപ്പെട്ടു. ഗ്രീഷ്മ മികച്ച അഭിനേത്രിയാണെന്നും അവള്‍ക്ക് ദേശീയ അവാര്‍ഡ് കൊടുക്കണമെന്നും ഷാരോണിന്റെ പിതാവ് പറഞ്ഞു.