പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനായ യുവാവിന് ദുബായിയില്‍ ജയില്‍ശിക്ഷ. ഒമ്പതു വയസ്സുള്ള സുഡാനി പെണ്‍കുട്ടിയെയാണ് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്ന 39കാരന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഫെബ്രുവരി 13നായിരുന്നു സംഭവം നടന്നത്. ഇയാള്‍ക്ക് ആറു മാസത്തേക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
ഇയാള്‍ ജോലി ചെയ്തിരുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് പെണ്‍കുട്ടിയെ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. ഇയാളില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടില്‍ ചെന്ന് അമ്മയെ വിവരമറിയിക്കുകയും തുടര്‍ന്ന് ഇവര്‍ അല്‍ ബാര്‍ഷ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
തന്റെ മകള്‍ കരഞ്ഞുകൊണ്ടാണ് വീട്ടില്‍ എത്തിയതെന്നും സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന് തന്നെ ഉപദ്രവിച്ചതായും പറഞ്ഞതായും കുട്ടിയുടെ അമ്മ പറയുന്നു. പെണ്‍കുട്ടി അലറിക്കരഞ്ഞിട്ടും ഇയാള്‍ പിടിവിടാന്‍ തയ്യാറായില്ലെന്ന കുട്ടിയുടെ കൂട്ടുകാരിയുടെ ദൃക്സാക്ഷി മൊഴിയും കേസില്‍ നിര്‍ണായകമായി.
പരാതി കിട്ടിയ ഉടന്‍ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ പൂര്‍ത്തിയായതിനു ശേഷം ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.