തൃശൂര്‍: എംഎല്‍എ അനില്‍ അക്കരെയുടെ തൊഴുത്തില്‍ പൂച്ചയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയ സംഭവം ആസൂത്രിതമെന്ന് എംഎല്‍എ. തൃശൂര്‍ അടാട്ടുള്ള വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്. എന്നാല്‍ സംഭവം കാര്യമാക്കിയില്ലെന്നും പൂച്ചയുടെ തല പിന്നീട് കുഴിച്ചിട്ടെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പിന്നീട് പുലര്‍ച്ചെ അഞ്ച് മണിയോടെ ഈ ഭാഗത്തെ അജ്ഞാരൂപം കണ്ടെത്തിയതായി സമീപവാസികള്‍ പറഞ്ഞിരുന്നു. ഇത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണിതെന്ന് എംഎല്‍എ ആരോപിച്ചു. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിനു സമീപത്തെ ഏതെങ്കിലും സിസിടിവി കാമറകളില്‍ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സംഭവം നടക്കുന്ന സമയത്ത് വീട്ടമ്മ സിമിലി പരിസരത്ത് ഉണ്ടായിരുന്നു. സിമിലിയുടെ വാക്കുകള്‍ ഇങ്ങനെ, പുലര്‍ച്ചെ അഞ്ചരയായി കാണും. വീടിന്റെ പുറകുവശത്തായി സ്ഥിതി ചെയ്യുന്ന പശുത്തൊഴുത്തിന് സമീപം വെള്ളവസ്ത്രമിട്ടരൊരാള്‍ വന്ന് നില്‍ക്കുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പശുത്തൊഴുത്തിന് സമീപത്ത് നിന്ന് ആയാള്‍ നടന്നു പോയി. പശുവിന് വെള്ളം വയ്ക്കുന്ന വലിയ പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്.
വീടിന്റെ തൊട്ടുപുറകുവശത്താണ് പശുത്തൊഴുത്ത് സ്ഥി ചെയ്യുന്നത്. ഇതിന് സമീപത്താണ് പുലര്‍ച്ചെ ആളെ കണ്ടത്. പശു സ്ഥിരമായി വെള്ളം കുടിക്കുന്നത് വലിയ പാത്രത്തിലാണ്. എല്ലാ ദിവസവും ഈ പാത്രത്തിലെ വെള്ളം മാറ്റാറുണ്ട്. ഇന്ന് രാവിലെ പൂച്ചത്തല കണ്ടതുകൂടി കൂട്ടിവായിച്ചപ്പോഴാണ് സംഗതി ഗൗരവതരമാണെന്ന് മനസിലായത്. സമൂഹിക വിരുദ്ധര്‍ വാര്‍ത്താ പ്രധാന്യത്തിന് വേണ്ടി ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നു.അതേസമയം, കൊറോണ ഭീതി നിലനില്‍ക്കുമ്പോഴും നാടെങ്ങും അജ്ഞാത രൂപത്തിന്റെ കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയും പൊലീസ് ആവര്‍ത്തിച്ച് അജ്ഞാത രൂപമില്ലെന്ന് വ്യക്തമാക്കിയിരുന്നു.