മെട്രോ തൂണുകള്‍ക്ക് ഇടയില്‍ കുടുങ്ങിയ പൂച്ചയ്ക്ക് പേരിട്ടു, കയ്യടിച്ച് കെഎംആര്‍എല്ലും

കൊച്ചി: മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങളോളം കുടുങ്ങിയ പൂച്ച കുഞ്ഞിനെ അതി സാഹസികമായി കഴിഞ്ഞ ദിവസമാണ് രക്ഷിച്ചത്. മെട്രോ തൂണുകള്‍ക്ക് ഇടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ഒക്കെ ആഘാതത്തില്‍ ആണ് ഇപ്പോഴും പൂച്ചക്കുട്ടി. പനമ്പള്ളി നഗര്‍ മൃഗാശുപത്രിയിലാണ് പൂച്ചക്കുട്ടി ഇപ്പോഴുള്ളത്. ഇപ്പോള്‍ പൂച്ചയ്ക്ക് പേരിട്ടിരിക്കുകയാണ്. മെട്രോ മിക്കി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. വല്ലാതെ ഭയന്നതിന്റെ പ്രശ്നങ്ങള്‍ അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മെട്രോ മിക്കിക്ക് ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്.

Loading...

ചൊവ്വാഴ്ച മെട്രോ മിക്കിക്ക് പ്രതിരോധ കുത്തിവെപ്പെടുക്കും. നിരവധി പൂച്ചക്കുഞ്ഞുകളുള്ള വീട്ടിലേക്ക് ദത്ത് നല്‍കില്ല. മെട്രോ മിക്കിയെ ആവശ്യമുള്ളവര്‍ക്ക് എസ്പിസിഎ അധികൃതരുമായി ബന്ധപ്പെടാം.

അതേസമയം മെട്രോ തൂണിനും ഗര്‍ഡറിനുമിടയില്‍ കുടുങ്ങിയ പൂച്ചയെ രണ്ടര മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവില്‍ ആണ് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്. പൂച്ചയെ രക്ഷിക്കുന്നത് കാണാനായി ജനം തടിച്ചു കൂടുകയും ചെയ്തതോടെ നഗരം സ്തംഭിച്ചു. വൈറ്റില ജങ്ഷനു സമീപം നാല്‍പതടി ഉയരത്തില്‍ കുടുങ്ങിയ പൂച്ചയുടെ കരച്ചില്‍ കേട്ട് നാട്ടുകാരാണ് മെട്രോ അധികൃതരെ വിവരമറിയിച്ചത്.

ശനിയാഴ്ച തന്നെ പൂച്ചയെ പുറത്തെടുക്കാന്‍ ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. മെട്രോ അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു ഫയര്‍ഫോഴ്സ് ഇന്നലെ രാവിലെ രക്ഷാദൗത്യത്തിനെത്തി. വൈറ്റില-കടവന്ത്ര ഭാഗത്തെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ വെല്‍കെയര്‍ ആശുപത്രിക്ക് സമീപം അരങ്ങേറിയ രക്ഷാപ്രവര്‍ത്തനം ഉച്ചയോടെയാണു പൂര്‍ത്തിയായത്. നാല്‍പതടി ഉയരത്തില്‍ എത്താനുള്ള ഏണി ഫയര്‍ഫോഴ്സിന്റെ കൈവശം ഇല്ലായിരുന്നു. തുടര്‍ന്നു കെ.എം.ആര്‍.എല്ലിന്റെ സഹായത്തോടെ മാന്‍ ലിഫ്റ്റര്‍ ക്രെയിന്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ ട്രാക്കിനടിയില്‍ കയറിയത്.

രണ്ടു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം പൂച്ചയെ രക്ഷിക്കാന്‍ മുകളില്‍ കയറിയത്. ഒരാള്‍ക്കു നിവര്‍ന്ന് നില്‍ക്കാന്‍ ഇടയില്ലാത്ത ഭാഗത്താണ് പൂച്ച ഇരുന്നിരുന്നത്.

പൂച്ചയ്ക്ക് അടുത്തേക്ക് എത്താന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്‌ബോള്‍ മറ്റുള്ളവര്‍ താഴെ വലയും വിരിച്ച് കാത്തുനിന്നു. എന്നാല്‍, ആള്‍ക്കൂട്ടവും ബഹളവും കണ്ട് പരിഭ്രാന്തിയിലായ പൂച്ച ആളുകള്‍ക്ക് കാണാനാവാത്ത വിധം ഗര്‍ഡറിന് നടുവിലെ ഇടുങ്ങിയ ഭാഗത്ത് ഒളിച്ചു. ഇതോടെ ദൗത്യം ദുഷ്‌കരമാണെന്ന സത്യം ഏവര്‍ക്കും ബോധ്യമായി. നാല് ഉദ്യോഗസ്ഥര്‍ പില്ലറിന്റെ ഇരുവശത്തുമായി നിന്നു. ഫയര്‍ഫോഴ്സ് കൈയില്‍ കരുതിയ വലയില്‍ കുടുങ്ങാതെ നേരേ റോഡിലേക്ക് എടുത്തുചാടിയ പൂച്ച, താഴെ വിരിച്ച വലയില്‍ വന്നു വീഴുകയായിരുന്നു.

തുടര്‍ന്നു റോഡിലൂടെ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിലായി. പിന്നാലെ ഓടിയ മൃഗസ്നേഹികളും നാട്ടുകാരും തൊട്ടടുത്ത കെട്ടിടത്തിന്റെ മതില്‍ക്കെട്ടിനടുത്തുനിന്ന് പൂച്ചയെ പിടികൂടി. വെള്ളം നല്‍കിയ ശേഷം മൃഗാശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ പൂച്ചയുടെ കടിയേറ്റയാളും ചികിത്സതേടി. ഗതാഗതം സ്തംഭിച്ചപ്പോഴും പ്രശ്നം മെട്രോ സര്‍വീസുകളെ ബാധിച്ചില്ല.