മതില്‍ ചാടി കടന്ന് പി ചിദംബരത്തെ അറസ്റ്റ് ചെയ്ത സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനകാര്യമന്ത്രിയുമായിരുന്ന പി.ചിദംബരത്തെ മതില്‍ ചാടി കടന്ന് അറസ്റ്റ് ചെയ്ത സിബിഐ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.ആറടി ഉയരമുള്ള ചിദംബരത്തെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സിബിഐ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് രാമസ്വാമി ര്‍ത്ഥസാരഥിക്കാണ് വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിരിക്കുന്നത്.

രാമസ്വാമി പാര്‍ത്ഥസാരഥി ഉള്‍പ്പെടെ ഏഴ് മുതിര്‍ന്ന സിബിഐ ഓഫീസര്‍മാര്‍ക്കാണ് രാഷ്ട്രപതി മെഡല്‍ സമ്മാനിക്കുക. ദില്ലിയില്‍ സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന വിഭാഗത്തിലാണ് രാമസ്വാമി പാര്‍ത്ഥസാരഥി സേവനം അനുഷ്ഠിക്കുന്നത്.

Loading...

2019 ഓഗസ്റ്റ് 21നാണ് ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഐഎന്‍എക്‌സ് കേസ് അന്വേഷിക്കുന്നത് പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തിലുളള സിബിഐ സംഘമാണ്. സിബിഐയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥരുടെ വലിയ സംഘമാണ് ദില്ലി ജോര്‍ബാഗിലെ 115ാം നമ്പര്‍ വീട്ടിലേക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യാനായി എത്തിയത്. എന്നാല്‍ ഗേറ്റ് അടച്ചിട്ടതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല.

ഇതേത്തുടര്‍ന്നാണ് പാര്‍ത്ഥസാരഥി അടക്കമുളളവര്‍ ആറടി ഉയരത്തിലുളള മതില്‍ ചാടിക്കടന്ന് ചിംദബരത്തെ കസ്റ്റഡിയിലെടുത്തത്. ഇത് വലിയ വിവാദമായിരുന്നു. 106 ദിവസമാണ് പി ചിദംബരം തീഹാര്‍ ജയിലില്‍ കിടന്നത്. ഡിസംബര്‍ നാലിന് സുപ്രീം കോടചി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തേയും ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസറ്റ് ചെയ്തത് പാര്‍ത്ഥസാരഥിയായിരുന്നു.