ഇനി ഒരു വൈദികനും വഴിതെറ്റരുത്;മാനന്തവാടി രൂപതയിലെ പള്ളിമുറികളിൽ സിസിടിവി,സ്ത്രീകൾക്ക് കർശന നിയന്ത്രണം

വയനാട്:പള്ളിയിലെ വൈദികരുടെ ലീല വിലാസങ്ങൾ റെക്കാർഡ് ചെയ്യാൻ മാനന്തവാടി രൂപത സിസിടിവിയുമായി രംഗത്ത്.കൊട്ടിയൂർ പീഡനക്കേസിൽ വൈദികൻ പ്രതിയായതോടെയാണ് മാനന്തവാടി രൂപതയ്ക്ക് ഈ ആശയം മനസ്സിൽ ഉദിച്ചത്.ഇതു കൂടാതെ മാസം തോറും വൈദികരുടെയും സന്യസ്തരുടെയും പരാതി സംബന്ധിച്ച് കൈകാര്യം ചെയ്യാൻ ഇടവകകളിൽ പ്രശ്‌ന പരിഹാര സമിതിയും രൂപീകരിക്കും.തിങ്കളാഴ്ച നടന്ന യോഗത്തിൽ എടുത്ത സുപ്രധാന തീരുമാനങ്ങൾ രൂപതാ അധികൃതർ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. മുൻകരുതൽ നടപടികൾ പൊതുജനമധ്യേ ചർച്ചയ്ക്കിടയാക്കാതെ എത്രയും പെട്ടന്ന് നടപ്പാക്കാനാണ് തീരുമാനം. പ്രശ്ന പരിഹാര സെൽ ഉടൻ രൂപീകരിച്ച് ഇടവകയിൽ നിന്ന് കിട്ടുന്ന പരാതികൾ പരിഗണിച്ച് പരിഹാരം നൽകും.

സമിതിയിൽ വൈദികർ, കന്യാസ്ത്രീകൾ എന്നിവർക്കു പുറമെ അൽമായ പ്രതിനിധികളെയും ഉൾപ്പെടും.പള്ളിമുറിയുടെ ഓഫീസ് ഇടങ്ങളിലാണ് സി.സി. ടിവി കാമറകൾ സ്ഥാപിക്കുക. ഇതുവഴി പള്ളിമേടകളിലെ സന്ദർശകർ ആരൊക്കെയെന്ന് മനസിലാക്കാനും പള്ളിമേടകളുടെ പ്രവർത്തനം സുതാര്യമാക്കാനും ആക്ഷേപങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് യോഗം വിലയിരുത്തിയത്. ഇടവകകളിൽ അഞ്ചു വർഷത്തേക്ക് നിർമ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കാനും തീരുമാനമായി. നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികൾ മാത്രം പൂർത്തിയാക്കും. പിരിവിന്റെയോ സംഭാവനയുടേയോ പേരിൽ ഒരു ശിക്ഷാ നടപടിയും പാടില്ല. അൾത്താര ബാലികമാർ അനിവാര്യമല്ല. ഉണ്ടെങ്കിൽ അവർക്ക് വസ്ത്രം മാറുന്നതിന് പ്രത്യേക സംവിധാനങ്ങൾ നിർബന്ധമായും പള്ളികൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്തിയിരിക്കണം. പള്ളിമുറിയിൽ സ്ത്രീകൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കും. ഇടവകയിലെ വികാരിക്കും അസിസ്റ്റന്റ് വികാരിമാർക്കും മാത്രമേ പള്ളിമുറിയിൽ രാത്രി തങ്ങാൻ അനുവാദമുള്ളു. കൗൺസലിങ് പോലുള്ളവ തുറന്ന സ്ഥലങ്ങളിൽ മാത്രമേ നടത്താൻ പാടുള്ളു. ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവരെ വിദേശയാത്രയ്ക്ക് കൊണ്ടു പോകുന്നതിന് നിരോധനം ഏർപ്പെടുത്തി. വൈദികരുൾപ്പെടെയുള്ളവരെക്കുറിച്ച് രൂപതയ്ക്ക് പരാതി നൽകാൻ സംവിധാനമുണ്ടാക്കും. കുർബാന പ്രസംഗ മധ്യേ വൈദികർ ആരെയും തേജോവധം ചെയ്യാൻ പാടില്ല. പിരിവ്, സംഭാവന തുടങ്ങിയവ കുടിശികയായതിന്റെ പേരിൽ വിവാഹം, മാമോദീസ, മരണാനന്തര കർമങ്ങൾ തുടങ്ങിയവ നിഷേധിക്കാൻ പാടില്ല.കൊട്ടിയൂർ സംഭവത്തിൽ ധാർമിക ഉത്തരവാദിത്വം രൂപതാ കേന്ദ്രത്തിനാണെന്നും ഫാ. റോബിനെക്കുറിച്ച് പല കോണുകളിൽ നിന്ന് പരാതികൾ ഉയർന്നിട്ടും രൂപതാ അധികൃതർ മൗനം പാലിച്ചുവെന്നുമുള്ള നിലപാടാണ് പല അൽമായ പ്രതിനിധികൾക്കുമുണ്ടായിരുന്നത്. യോഗത്തിൽ പൊതുചർച്ചയ്ക്ക് ഇടനൽകാതെ ബിഷപ് മാർ ജോസ് പൊരുന്നേടം തന്നെയാണ് മുൻകരുതൽ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

Loading...