യുവനടിയുടെ പീഡന പരാതി: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്രം

യുവനടിയുടെ പീഡനപരാതിയെത്തുടര്‍ന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്രം. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യ വകുപ്പാണ് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.

വിജയ് ബാബു കടക്കാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്കും വിദേശകാര്യ വകുപ്പ് വിവരം കൈമാറുമെന്നാണ് സൂചന. യുവനടിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ ഹാജരാകില്ലെന്ന നിലപാടില്‍ വിദേശത്ത് തുടരുകയാണ് വിജയ് ബാബു ചെയ്തിരുന്നത്.

Loading...

വിജയ് ബാബു വിഷയത്തില്‍ താരസംഘടനയായ അമ്മയിലും പ്രതിഷേധം രൂക്ഷമായിരുന്നു. കടുത്ത വിയോജിപ്പറിയിച്ച് മാലാ പാര്‍വതിയും ശ്വേത മേനോനും കുക്കു പരമേശ്വരനും ഐസിസിയില്‍ നിന്ന് രാജിവെച്ചിരുന്നു. വിജയ് ബാബു വിഷയത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഐസിസിയില്‍ നിന്നുള്ള രാജിക്ക് കാരണം. റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ വിജയ് ബാബുവിന്റെ കത്ത് അമ്മ സ്വീകരിക്കുകയും, നടന്‍ തത്ക്കാലത്തേക്ക് അമ്മയില്‍ നിന്ന് മാറിനില്‍ക്കുകയുമായിരുന്നു.