സോഷ്യല്‍ മീഡിയയിലെ വ്യാജന്മാരെ പൂട്ടും; നിയമവുമായി കേന്ദ്രം

സോഷ്യല്‍ മീഡിയകളില്‍ ഒളിച്ചിരുന്ന് ഒളിയമ്പെയ്യുന്ന വിരുതന്മാരെയൊക്കെ വെളിച്ചത്ത് കൊണ്ടുവരാന്‍ കേന്ദ്രം പണി തുടങ്ങി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളില്‍ ഒളിച്ചിരുന്ന് ആശയവിനിയമം നടത്തുന്നവര്‍ വൈകാതെ വെളിപ്പെടും. കേന്ദ്രസര്‍ക്കാര്‍ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാമൂഹികമാധ്യമകമ്പനികള്‍ നിര്‍ബന്ധിതരാകും. ഫെയ്‌സ്ബുക്കും യൂട്യൂബും ടിക്ടോക്കും വാട്‌സാപ്പുമെല്ലാം കേന്ദ്രത്തിന്റെ നിയമം പാലിച്ചേ മതിയാകൂ. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്ന സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഇനി വിവരങ്ങള്‍ നല്‍കിയേ മതിയാകൂ. കേന്ദ്രത്തിന്റെ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യുന്നവരുള്‍പ്പെടെ കുടുങ്ങും. കള്ളപ്പേരിലും വ്യാജ അടിയിലുമൊക്കെ സോഷ്യല്‍മീഡിയകളില്‍ വിലസുന്ന മാന്യന്മാരെല്ലാം കേന്ദ്രത്തിന്റെ പുതിയ നിയമത്തില്‍ കുടുങ്ങും. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വ്യാജപ്രചരണങ്ങളടക്കം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രം ഇതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു. ഈ മാസം അവസാനത്തോടെ സോഷ്യല്‍മീഡിയകളിലെ വ്യജന്മാരെയൊക്കെ കേന്ദ്രം പൂട്ടും.

സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികളെ ഉത്തരവാദികളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2018 ഡിസംബറില്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതേക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. എന്നാല്‍, സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ള സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാകും ഇതെന്നാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ കൂട്ടായ്മയായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചത്. എന്നാല്‍, നേരത്തേ നിശ്ചയിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ കാര്യമായ മാറ്റംവരുത്താതെ പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനം ഐ.ടി. മന്ത്രാലയം പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. 50 ലക്ഷത്തില്‍കൂടുതല്‍ ഉപയോക്താക്കളുള്ള എല്ലാ സാമൂഹികമാധ്യമങ്ങളും നിയമം പാലിക്കാന്‍ ബാധ്യസ്ഥരാകും. ഫെയ്‌സ്ബുക്കും യൂട്യൂബും ടിക്ടോക്കും വാട്‌സാപ്പുമെല്ലാം ഇതില്‍പ്പെടും.

Loading...

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനകം ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്തിക്കൊടുക്കണമെന്ന് 2018-ലുണ്ടാക്കിയ കരടുചട്ടത്തിലുണ്ട്. സര്‍ക്കാരിന്റെ അന്വേഷകരെ സഹായിക്കാനായി ഉള്ളടക്കത്തിന്റെ രേഖകള്‍ 180 ദിവസമെങ്കിലും സൂക്ഷിക്കണമെന്നും അതിലുണ്ട്. ഉപയോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കുക, സര്‍ക്കാരുമായുള്ള ഇടപാടുകള്‍ക്ക് പ്രത്യേകം ഉദ്യോഗസ്ഥനെ വെക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 50 കോടിപ്പേരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇവരില്‍ വ്യക്തിവിവരം വെളിപ്പെടുത്താതെയും കള്ളപ്പേരിലും സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുമുണ്ട്. 40 കോടിപ്പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ്പ്, സ്വകാര്യതയുടെപേരില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാതിരുന്നിട്ടുണ്ട്. പകരം വ്യാജവാര്‍ത്തകളുടെ പ്രചാരണം തടയാനുള്ള ഗവേഷണത്തിനു ഫണ്ട് വാഗ്ദാനം ചെയ്യുകയും പൊതുജനത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുകയുമാണു ചെയ്തത്.

വാട്സാപ്പും ഫേസ്ബുക്കും പോലുള്ള മാധ്യമങ്ങള്‍ ഇന്ത്യന്‍ ജനതയെ കീഴ്പ്പെടുത്തി കഴിഞ്ഞു. നഗരങ്ങളോ ഗ്രാമങ്ങളോ എന്ന വ്യത്യാസം ഇല്ലാതെ അത് ജനതയെ സ്വാധീനിക്കുന്നുമുണ്ട്. ഇത്തരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വ്യാജ വാര്‍ത്ത പുറത്തെത്തുമ്പോള്‍ അത് പ്രചരിക്കുന്നത് റോക്കറ്റ് വേഗത്തിലാണ്. അത്തരം സന്ദേശങ്ങളില്‍, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതോ, ജനങ്ങളില്‍ അരക്ഷിതത്വം പടര്‍ത്തുന്ന വ്യാജവാര്‍ത്തയോ, ഒരാളെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങളോ. അങ്ങനെ പലതുമുണ്ടാകും. എന്നാല്‍ ഇതില്‍ വികാരം കൊണ്ട് നാട്ടില്‍ അസ്വസ്ഥത രൂപപ്പെടുന്നതും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതും വ്യാപകമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളെ കൂടുതല്‍ ധ്രുവീകരിക്കാനും സംഘര്‍ഷാത്മകമാക്കാനുമാണോ ഇത്തരം സാമൂഹ്യമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. അതില്‍ ഏറ്റവും കൂടുതല്‍ വ്യാജ ഐഡികളും അക്കൗണ്ടുകളും ഉള്ളത് ഇന്ത്യയിലാണ്. ഇതിലൂടെ എത്രയോ വ്യാജവാര്‍ത്തകളാണ് പുറം ലോകത്ത് എത്തപ്പെട്ടു കൊണ്ടിരിക്കുന്നത്. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയ സൈറ്റുകളോട് ഇത്തരം അക്കൗണ്ടുകളുടെ ഉറവിടം ചോദിക്കുമ്പോള്‍ സ്വകാര്യതയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാന്‍ പോലും തയ്യാറാകില്ല. എന്നാല്‍ കേന്ദ്രം കൊണ്ടുവരുന്ന നിയമത്തോടെ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ സൈറ്റുകള്‍ തയ്യാറാകും.