പണം കൊണ്ടുള്ള കളി വേണ്ട ; ഓൺലൈൻ കളിക്ക്‌ വിലക്ക് ; അന്തിമവിജ്ഞാപനമായി

ന്യൂഡൽഹി : വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾക്ക്‌ പൂട്ടിട്ട് കേന്ദ്രം. ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിച്ചുകൊണ്ടുള്ള അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ഇതുസംബന്ധിച്ച ജനുവരിയിൽ കരടുനയം പുറത്തിറക്കിയിരുന്നു. 2021-ലെ ഐ.ടി. ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്. രാജ്യത്താദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പ്രായപൂർത്തിയാകാത്തവർ ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. വ്യവസായപ്രതിനിധികൾ, വിദ്യാഭ്യാസവിദഗ്ധർ, ശിശുവിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയായ സ്വയംനിയന്ത്രിത സംവിധാനമാണ്‌(എസ്.ആർ.ഒ.) കാര്യങ്ങൾ നിയന്ത്രിക്കുക. പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമാണ് നിലവിൽ നിയന്ത്രണമെന്ന് മന്ത്രി വ്യക്തമാക്കി.

Loading...

വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം ഓൺലൈൻ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല ഈ എസ്.ആർ.ഒ.കൾക്കായിരിക്കും. പുതിയനയങ്ങൾ പാലിക്കാത്ത ഗെയിമിങ്‌ സ്ഥാപനങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടമാകും. സർക്കാരോ നിയമമോ ആവശ്യപ്പെടുമ്പോൾ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യുന്നതുവഴി കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയാണ് സേഫ് ഹാർബർ.