‘വണ്‍ നേഷന്‍ വണ്‍ പേ ഡേ’ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ദിവസം നിശ്ചയിച്ച് അന്ന് തന്നെ എല്ലാവര്‍ക്കും ശമ്പളം നല്‍കുന്ന ‘വണ്‍ നേഷന്‍, വണ്‍ പേ ഡേ’ സമ്ബ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സംഘടിത തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്വര്‍ പറഞ്ഞു.

ഈ നിയമം നിലവില്‍ വരുത്താന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രയത്‌നിക്കുകയാണെന്നും ഗാങ്വാര്‍ പറയുന്നു. മാത്രമല്ല രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏകീകൃത അടിസ്ഥാന വരുമാനം ഉറപ്പാക്കാനും അതുവഴി അവരുടെ ഉപജീവനമാര്‍ഗത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ അസോസിയേഷന്‍ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ‘സെക്യൂരിറ്റി ലീഡര്‍ഷിപ്പ് സമ്മിറ്റ് 2019’ലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Loading...

തൊഴില്‍രംഗത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ ആരോഗ്യവും സംരക്ഷിക്കുന്ന ഒക്കുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്(ഒ.എസ്.എച്ച്) കൂടി നിലവില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സന്തോഷ് ഗാങ്വാര്‍. ഇതിന് അനുബന്ധമായി ‘കോഡ് ഓണ്‍ വേജസും’ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരും. ഗാങ്വാര്‍ പറയുന്നു.

‘കോഡ് ഓണ്‍ വേജസ്’ പാര്‍ലമെന്റ് നേരത്തെ തന്നെ പാസാക്കിയിരുന്നു. ഇത് നടപ്പില്‍ വരുത്താനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യഭരണം ഏറ്റെടുത്തത് മുതല്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് തൊഴിലാളികള്‍ക്ക് ക്ഷേമം കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചിരുന്നതെന്നും കേന്ദ്ര മന്ത്രി സന്തോഷ് ഗാങ്വാര്‍ പറഞ്ഞു.

ജീവനക്കാരുടെ സുരക്ഷ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കാനുളള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.