തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ സംസ്ഥാനം നിയമ നിർമ്മാണവുമായി മുന്നോട്ടു പോകുന്നതിനിടെ, യു.ജി.സി ചട്ടം ഭേദഗതി ചെയ്ത് എല്ലാ സർവകലാശാലകളുടെയും ചാൻസലർ ഗവർണർ തന്നെയെന്ന് ഉറപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം. ഇത് നടപ്പിലായാൽ ഗവർണർക്കെതിരെ പോരടിക്കുന്ന സംസ്ഥാന സർക്കാരിന് വൻ തിരച്ചടിയാകുമെന്നത് ഉറപ്പാണ്.
കേന്ദ്ര സർവകലാശാലകളിൽ രാഷ്ട്രപതി വിസിറ്ററായിരിക്കുന്ന മാതൃകയിലാവും സംസ്ഥാന സർവകലാശാലകളിൽ ഗവർണർ തന്നെ ചാൻസലറെന്ന ഭേദഗതിക്ക് ശ്രമിക്കുന്നത്. ഇതിലൂടെ സർവകലാശാലകളിൽ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ തടയാനും സ്വയംഭരണം ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.
എക്സിക്യുട്ടീവ് ഉത്തരവിലൂടെ യു.ജി.സി ചട്ടങ്ങളിൽ ഭേദഗതി വരുത്തി പ്രാബല്യത്തിലാക്കാനാണ് നീക്കം. ഇതോടെ, സംസ്ഥാന നിയമങ്ങൾക്ക് നിലനിൽപ്പില്ലാതാവും. യു.ജി.സി ചട്ടം ഭേദഗതി ചെയ്താൽ എല്ലാ സംസ്ഥാനങ്ങളും അത് നടപ്പാക്കിയേ പറ്റൂ. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര നിയമത്തിന് തുല്യമാണ് യു.ജി.സി റഗുലേഷൻ. അത് പ്രകാരമുള്ള ഭേദഗതി സർവകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ടിവരും
ഇതോടെ സർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതികളൊന്നും നിലനിൽക്കാതെയാകും. വി.സി നിയമനത്തിൽ യു.ജി.സി ചട്ടം പാലിക്കാത്തതിനാണ് സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതിയും ഫിഷറീസ് സർവകലാശാല വി.സി റിജി ജോണിനെ ഹൈക്കോടതിയും പുറത്താക്കിയത്.
ഗവർണർമാർക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുന്നുണ്ട്. ഇതാണ് തിടുക്കത്തിലുള്ള യു.ജി.സി നിയമ ഭേദഗതി നീക്കത്തിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഗവർണറെ നീക്കാനുള്ള നിയമം അണിയറയിലാണ്. രാജസ്ഥാനിൽ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്ന ഗവർണർക്ക് വിസിറ്റർ പദവി നൽകാനാണ് നിയമ നിർമ്മാണം
തമിഴ്നാടും ബംഗാളും ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ബിൽ പാസാക്കിയെങ്കിലും ഗവർണർമാർ ഒപ്പിട്ടിട്ടില്ല. മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ പാസാക്കിയ ബിൽ ഷിൻഡെ സർക്കാർ പിൻവലിച്ചു. ഭേദഗതി നടപ്പാക്കുന്നതിന് യു.ജി.സിക്ക് നിയമ തടസമില്ല. സംസ്ഥാനത്തിന് സ്വീകരിച്ചേ മതിയാകൂ. അല്ലെങ്കിൽ സർവകലാശാലകൾക്കുള്ള അംഗീകാരവും ധനസഹായവും വേണ്ടെന്നു വയ്‌ക്കേണ്ടിവരും.