കോവിഡ് മാനദണ്ഡങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി. ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പൊതുജനാരോഗ്യ അടിയന്തര അവസ്ഥ കണക്കിലെടുത്ത് യാത്ര അവസാനിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു.

ജോഡോ യാത്ര നിലവില്‍ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്. യാത്രയില്‍ മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ മാത്രം പങ്കെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം കത്തില്‍ പറയുന്നു. ചൈനയില്‍ കോവിഡിന്റെ പുതിയ തരംഗത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ക്കിടെയാണ് കത്ത്.

Loading...

ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, യുഎസ് എന്നിവിടങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ട്. പ്രതിദിന കേസുകളിലെ പരമാവധി സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് നല്‍കാന്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം കത്തയച്ചിരുന്നു. പുതിയ വൈറസ് വകഭേദം ഉണ്ടെങ്കില്‍ കണ്ടെത്താനാണിത്.

ലോകത്താകെ 35 ലക്ഷം കേസുകള്‍ പ്രതിവാരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നതാണ് ആശങ്ക വളര്‍ത്തുന്നത്. ഇന്ത്യയില്‍ പ്രതിവാരം 1200 കേസുകളാണുള്ളതെന്നു കേന്ദ്രം വ്യക്തമാക്കുന്നു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇടവേളയ്ക്കു ശേഷം രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയാണ്.