ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍, ഒ.ടി.ടി പ്ലാറ്റ്ഫോമുകള്, ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവ വഴിയുള്ള ഉള്ളടക്കങ്ങളെ നിയന്ത്രിച്ച് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍, ഒ.ടി.ടി ഉള്ളടക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സമൂഹ മാധ്യമം ഉപയോഗിക്കുന്നവര്‍ക്ക് ശക്തി പകരുമെന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
”സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ വ്യവസായം നടത്തുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, സംസ്കാര സമ്പന്നമെന്ന് വിളിക്കാനാവാത്ത ഉള്ളടക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇത്തരം പരാതികള്‍ ഏറെയായി എത്തുന്നു. ഇനി മുതല്‍ സമൂഹ മാധ്യമം ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക ഫോറം നിലവില്‍ വരും. വെറുപ്പിന്‍റെ പ്രചാരണത്തിനായി ചിലര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്. തീവ്രവാദികളും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. വ്യാജ വാര്‍ത്തകളുടെ ഒഴുക്കുമുണ്ട്”- മന്ത്രി പറഞ്ഞു.
മൂന്നു മാസത്തിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കും. ഇതുപ്രകാരം സമൂഹ മാധ്യമങ്ങളില്‍ ദുരുപദിഷ്ട സന്ദേശങ്ങള്‍ പ്രചരിച്ചാല്‍ കോടതി ഉത്തരവു വഴിയോ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് വഴിയോ ഇത് ആദ്യം പ്രചരിപ്പിച്ചയാളെ കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ്ഫോം ഉള്ളടക്കങ്ങളെ യു, യു/എ 7+, യു/എ 13+, യു/എ 16+, എ എന്നിങ്ങനെ അഞ്ചു ഗണത്തില്‍ പെടുത്തും. യു/എ 13+ വിഭാഗത്തിലോ അതിനും മുകളിലോ ഉള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകള് പാരന്‍റല്‍ ലോക് ഏര്‍പെടുത്തണം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദേശീയ പ്രസ് കൗണ്‍സില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളെ പരമ്ബരാഗത മാധ്യമ സ്ഥാപനങ്ങള്‍ക്കു സമാനമായി പരിഗണിക്കാനും വ്യവസ്ഥ ചെയ്യുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. വിവര,സാങ്കേതിക നിയമത്തിലെ 69എ വകുപ്പില്‍ പെടുത്തി നടപടികള്‍ക്കും ഇതു സഹായകമാകും. ട്വിറ്റര്‍, ഫേസ്ബുക്ക്് പോലുള്ള സമൂഹ മാധ്യമങ്ങളും നിയമത്തിന്‍റെ പരിധിയില്‍ വരും.