ഡാന്‍ പ്രൈസ്: തൊഴിലാളി സ്നേഹിതന്‍; തന്റെ തൊഴിലാളികള്‍ക്ക് ശമ്പളവര്‍ദ്ധനവിനായി സ്വന്തം ശമ്പളം വെട്ടിക്കുറച്ച മുതലാളി!

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ടില്‍ ഇങ്ങനെയും ഒരു മുതലാളി. തൊഴിലാളിസ്നേഹിയായ ഇദ്ദേഹം തന്റെ ശമ്പളത്തിന്റെ 90 ശതമാനം വെട്ടിക്കുറിച്ച് മറ്റു മുതലാളിമാര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായി. ടെക്നോളജി കമ്പനിയായ ഗ്രാവിറ്റിയുടെ സ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ഡാന്‍ പ്രൈസ് ആണ് സ്വന്തം ശമ്പളം വെട്ടിക്കുറച്ച് തന്റെ 120 ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.

തന്റെ ഒരു സുഹൃത്തുമായുള്ള സായാഹ്ന സവാരിക്കിടയില്‍ സുഹൃത്ത് വാടകയുടെ വര്‍ദ്ധനവും, മറ്റ് സാമ്പത്തിക പ്രശ്നങ്ങളും ഡാനുമായി പങ്കുവെച്ചു. സുഹൃത്തിന്റെ കഥകേട്ട് മനംനൊന്ത ഡാന്‍ തന്റെ തൊഴിലാളികളും ഇതുപോലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരിക്കുമെന്ന് ചിന്തിച്ചു. ആ ചിന്തയാണ് അദ്ദേഹത്തെക്കൊണ്ട് തന്റെ 10 ലക്ഷം ഡോളര്‍ ശമ്പളത്തിന്റെ 930,000 ഡോളര്‍ തനിക്കുവേണ്ടി കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ശമ്പളവര്‍ദ്ധനവായി വീതിച്ചു നല്‍കാന്‍ തീരുമാനിച്ചത്. കൂടാതെ ശമ്പളം കൂടുതല്‍ നല്‍കുമ്പോള്‍ തൊഴിലാളികള്‍ക്ക് സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടാകുമെന്നും അത് അവര്‍ക്ക് കൂടുതല്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുമെന്നും ഡാന്‍ വിശ്വസിക്കുന്നു.

Loading...

തിങ്കളാഴ്ചയാണ് തന്റെ ശമ്പളം വെട്ടിക്കുറച്ചതായും എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കുത്തനെ കൂട്ടിയതായും കത്തിലൂടെ ഡാന്‍ പ്രഖ്യാപിച്ചത്. സാധാരണ തൊഴിലാളിയും സിഇഒും തമ്മിലുള്ള ശമ്പള വ്യത്യാസവും ഏറെ കൗതകം ജനിപ്പിക്കുന്നതാണ്. നേരിയ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ ശമ്പളനിരക്കില്‍ ഇവര്‍ തമ്മിലുള്ളത്. ശമ്പള വര്‍ദ്ധനവോടെ മണിക്കൂറില്‍ 15 ഡോളറാണ് ജീവനക്കാര്‍ക്ക് അധികം ലഭിക്കുന്നത്. ഇതുകൂടാതെ വര്‍ഷത്തില്‍ 5000 ഡോളര്‍ ശമ്പള വര്‍ദ്ധനവും ഡാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ശരാശരി ശമ്പളം 48,000 ഡോളറാണ്. അതാണ് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നത്. ഒരു മില്യണ്‍ ഡോളറായിരുന്നു സിഇഒ ഡാനിന്റെ പ്രതിവര്‍ഷ ശമ്പളം. ഇതാണ് വെട്ടിക്കുറച്ചത്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ശമ്പളത്തിലെ അന്തരം കുറച്ച് കൊണ്ടുവരണമെന്നും എല്ലാവരും തുല്യ നിലയില്‍ ശമ്പളം വാങ്ങുന്ന കാലമാണ് തന്റെ സ്വപ്‌നമെന്നും ഡാന്‍ പറഞ്ഞു.

2017ഓടെ തന്റെ കമ്പനിയിലെ കുറഞ്ഞ ശമ്പളം 70,000 ഡോളറാക്കാനാണ് ഡാനിന്റെ ശ്രമം. ഡാനിന്റെ ഈ തീരുമാനം മറ്റു ചില കമ്പനികളിലെ സി.ഇ.ഒ മാരും അനുവര്‍ത്തിക്കാന്‍ താല്പര്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഒരു കാപിറ്റലിസ്റ്റ് രാജ്യത്ത് ഇതെന്താ ഡാന്‍ കമ്മ്യൂണിസം നടത്താന്‍ പദ്ധതിയിടുകയാണോ എന്ന് വിമര്‍ശിക്കുന്നവരും ഇല്ലാതില്ല.