ചന്ദ്രബോസ് വധം: കൊലയാളി നിസാമിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: തൃശൂർ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കൊലയാളി നിസാമിനെതിരെ കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അഞ്ഞൂറോളം പേജുള്ള കുറ്റപത്രത്തിൽ നിസാമിന്റെ ഭാര്യ അമലും കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയും ഉൾപ്പെടെ 111 സാക്ഷികളാണുള്ളത്. അമൽ പതിനൊന്നാം സാക്ഷിയും ജമന്തി പന്ത്രണ്ടാം സാക്ഷിയുമാണ്. 124 രേഖകളും 43 തൊണ്ടി സാധനങ്ങളും കോടതിയിൽ ഹാജരാക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി. പി. ഉദയഭാനുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.

ജനുവരി 29ന് പുലർച്ചെയാണ് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ നിസാം കാറുകൊണ്ടിടിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ ചന്ദ്രബോസ് പത്തൊൻപതാം ദിവസം മരിച്ചു. അതുവരെയും ചന്ദ്രബോസിന്റെ മൊഴിയെടുക്കാതെ ഒളിച്ചു കളിച്ച പൊലീസ് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. പ്രതി നിസാമിനെ ബാംഗ്ളൂർക്ക് കൊണ്ടുപോയതും അവിടെ സുഖവാസം ഒരുക്കിയതും വിവാദമായിരുന്നു. അതുമായി ബന്ധപ്പെട്ട് രഹസ്യമായി പ്രതിയെ ചോദ്യം ചെയ്ത അന്നത്തെ കമ്മിഷണർ ജേക്കബ് ജോബിനെ പിന്നീട് സസ്പെൻഡ് ചെയ്തു. ഡി. ജി. പിയുടെ പേരുവരെ വലിച്ചിഴയ്ക്കപ്പെട്ട കേസാണിത്. സർക്കാരിൽ വൻപിടിപാടുള്ള നിസാമിനെ രക്ഷപ്പെടുത്താനുള്ള തന്ത്രങ്ങൾ അണിയറയിലും അരങ്ങിലും നടന്നിരുന്നു. സർക്കാരിന്റെ മുഖംതന്നെ വികൃതമാവുന്ന സാഹചര്യത്തിലാണ് നിസാമിനെതിരെ ശക്തമായ നടപടികൾക്ക് സർക്കാരും പൊലീസും തയ്യാറായത്. ഇപ്പോൾ കാപ്പ കുറ്റവും നിസാമിനെതിരെ ചുമത്തിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലാണ് നിസാം. നാലു മാസത്തിനകം വിചാരണ പൂർത്തിയാവുമെന്നാണ് കരുതുന്നത്.

Loading...