പീഡനം കാരണം ചാലക്കുടിയിലെ അനാഥാലയത്തില്‍ നിന്നും രാത്രി കുട്ടികള്‍ ഇറങ്ങിയോടി

ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ കുട്ടികള്‍ക്ക് ക്രൂര മര്‍ദ്ദനം. മേലൂര്‍ പൂലാനി മരിയപാലന സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലാണ് സംഭവം. മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച് അവശരാക്കിയതിനെ തുടര്‍ന്ന് അനാഥാലയത്തില്‍ നിന്നും ആറ് കുട്ടികള്‍ രാത്രിയില്‍ ഇറങ്ങിയോടി. അനാഥാലയത്തില്‍ നിന്നും ഏകദേശം 500 മീറ്റര്‍ ദൂരമുള്ള ബസ് സ്റ്റോപ്പില്‍ കുട്ടികളെ കണ്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇവരോട് കാര്യം അന്വേഷിച്ചപ്പോഴാണ് മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച വിവരം പറഞ്ഞത് . ഉടന്‍ തന്നെ അദ്ദേഹം കുട്ടികളെ ചാലക്കുടി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.

65ഓളം കുട്ടികളാണ് അനാഥാലയത്തില്‍ ഉള്ളത്. ഇവരെ ശ്രദ്ധിക്കുന്നതിന് വേണ്ട യാതൊരു സൗകര്യങ്ങളും ഇവിടെ ഇല്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിവരമറിയച്ചതിനേ തുടര്‍ന്ന് അനാഥാലയവുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടികള്‍ ഇറങ്ങി പോയത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. 2 വര്‍ഷം മുന്‍പും സമാനമായ സംഭവം ഉണ്ടായിരുന്നു.

Loading...