രണ്ടും കല്‍പ്പിച്ച് ഗവര്‍ണര്‍; ഒരു ന്യായീകരണവും സ്വീകാര്യമല്ല,സര്‍ക്കാരിന്റെ വിശദീകരണം തള്ളി

തിരുവനന്തപുരം: പൗരത്വനിയമത്തിനെതിരെ സുപ്രീംകേടതിയില്‍ സമീപിച്ച സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തള്ളി. സര്‍ക്കാര്‍ നല്‍കിയ ഒരു വിശദീകരണവും തൃപ്തികരമല്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മാധ്യമങ്ങളോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഈഗോ ക്ലാഷല്ലെന്നും സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടിയാണ് ചൂണ്ടിക്കാട്ടിയതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഗവര്‍ണറെ അറിയിക്കാതെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും നിയമപരമായി അത് ശരിയല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ജനാധിപത്യത്തില്‍ വ്യക്തികള്‍ക്ക് അധികാരമുണ്ട്. ആ അധികാരം നിയമങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സല്ല. ഗവര്‍ണറെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്‌നൗവിലേക്കുള്ള യാത്രയ്ക്കുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ നിലപാട് തള്ളിയെന്ന് വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞിരുന്നു.

Loading...

ഇതേത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് ഒരു വിശദീകരണവും തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്തെത്തിയത്.

സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവന്‍ എന്നനിലയിലാണ് ഗവര്‍ണര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക്.തിരിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. ഭരണത്തലവനായ തന്നെ അറിയിക്കാതെ കേസുമായി മുന്നോട്ടുപോയത് പ്രോട്ടോക്കോള്‍ അനുസരിച്ച് തെറ്റാണെന്ന് ഗവര്‍ണര്‍ വാദിക്കുന്നു. ഏത് സാഹചര്യത്തിലാണ് ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയില്‍ കേസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സര്‍ക്കാര്‍ കേന്ദ്രനിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോകുന്നുവെന്നതിന് അര്‍ഥം രാഷ്ട്രപതി ഒപ്പിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നുവെന്നാണ്.

സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കവും ഗവര്‍ണർക്ക് വേണ്ടി എന്നരീതിയിലാണ് ഭരണഘടനാപരമായി വ്യാഖ്യാനിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ എന്തുകൊണ്ടാണ് തന്നെ ഈ വിഷയം അറിയിച്ചില്ല എന്നാണ് ഗവര്‍ണറുടെ ചോദ്യം. ഗവര്‍ണര്‍ അനുമതി നിഷേധിച്ചാല്‍ തന്നെയും അതിനെ മറികടന്ന് കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് സാധിക്കും. പക്ഷെ അറിയിക്കാതെ പോയത് ശരിയായില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുന്നത്.ഏതൊക്കെ വിഷയങ്ങളാണ് സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി മുന്‍കൂട്ടി ഗവര്‍ണറെ അറിയിക്കേണ്ടത് എന്ന് റൂള്‍സ് ഓഫ് ബിസിനസിന്റെ 34(2)ല്‍ അഞ്ചാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയമുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാന സര്‍ക്കാരുകളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കില്‍ അതും ഗവര്‍ണറെ അറിയിച്ചിരിക്കണം. മാത്രമല്ല ഹൈക്കോടതിയും സുപ്രീം കോടതിയുമായുമുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളുണ്ടെങ്കില്‍ അവയും ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. റൂള്‍സ് ഓഫ് ബിസിനിലെ 34(2)ലെ അഞ്ചാം വകുപ്പ് സര്‍ക്കാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ തിരിഞ്ഞിരിക്കുന്നത്.