വിക്രം ലാൻഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആർ.ഒ. ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇപ്പോൾ ഇരുട്ടാണ്. എന്നാൽ പകൽദിനം ആരംഭിച്ചാൽ വീണ്ടും ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് പുലർച്ചെയാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ 2.1 കിലോമീറ്റർ മുകളിൽ വെച്ച് ലാൻഡറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമാകുന്നത്.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റുന്ന ഓർബിറ്റർ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പേടകത്തിന്റെ പ്രവർത്തന കാലാവധിയായ ചന്ദ്രനിലെ ഒരു പകൽ ദിനം (ഭൂമിയിലെ 14 ദിവസം) സെപ്റ്റംബർ 21-ന് അവസാനിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ ഇടിച്ചിറങ്ങിയ പ്രതലത്തിന്റെ ചിത്രം നാസയുടെ പേടകം പകർത്തിയിരുന്നെങ്കിലും ലാൻഡറിനെ കണ്ടെത്താനായിട്ടില്ല.
ചന്ദ്രന്റെ പ്രതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്താൻ നിശ്ചയിച്ച റോവർ (പ്രഗ്യാൻ) ലാൻഡറിനുള്ളിലാണ്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇരുട്ടായതിനാൽ താപനില മൈനസ് 180 ഡിഗ്രിയിൽ കൂടുതലായിരിക്കും. ഈ സാഹചര്യത്തിൽ പേടകത്തിലെ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്നും അതിനാൽ ആശയവിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ലാൻഡറുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമാകാനുള്ള കാരണം ഐ.എസ്.ആർ.ഒ. രൂപവത്കരിച്ച വിദഗ്ധസമിതി വിശകലനം ചെയ്തുവരികയാണ്.ഇടിച്ചിറങ്ങുമ്പോൾ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.