വിക്രം ലാന്‍ഡറിന്റെ ആയുസ്സ് ശനിയാഴ്ച തീരും,ബന്ധം വീണ്ടെടുക്കാമെന്ന പ്രതീക്ഷ മായുന്നു

ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒയുടെ കമ്മിറ്റി ഉടന്‍ പുറത്തുവിടും. വിക്രം ലാന്‍ഡറിന്റെ ആയുസ്സ് ശനിയാഴ്ച തീരും,ബന്ധം വീണ്ടെടുക്കാമെന്ന പ്രതീക്ഷയാണ് ഇതോടെ മായുന്നത്.

ലാന്‍ഡറുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് സെപ്റ്റംബര്‍ 10ന്റെ ട്വീറ്റില്‍ ഐഎസ്ആര്‍ഒ അറിയിച്ചത്. എന്നാല്‍ ഇന്നലെ പുറത്തുവന്ന ഏറ്റവും ഒടുവിലത്തെ ട്വീറ്റില്‍ ഐഎസ്ആര്‍ഒ പറയുന്നത് “പിന്തുണച്ചതിന് നന്ദി” എന്നാണ്.

Loading...

“ലോകത്താകെയുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകളുടേയും സ്വപ്‌നങ്ങളുടേയും ചിറകിലേറി ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും” എന്ന് ഐഎസ്ആര്‍ഒ ഗ്രാഫിക് ചിത്രം സഹിതം പറയുന്നു.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ലക്ഷ്യമിട്ട വിക്രം ലാന്‍ഡറുമായുള്ള ബന്ധം, നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സ്ഥലത്തിന് 2.1 കിലോമീറ്റര്‍ അകലെ നഷ്ടമാവുകയും പിന്നീട് കണ്ടെത്തുകയുമായിരുന്നു. ലാന്‍ഡറിനകത്തുള്ള പ്രഗ്യാന്‍ റോവര്‍ എന്ന റോബോട്ടിക് വെഹിക്കിള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കേണ്ടതായിരുന്നു.

അതേസമയം വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രം ലഭ്യമായെങ്കിലും ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു ചാന്ദ്ര ദിവസം, അതായത് ഭൂമിയിലെ 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. ഇത് ഈ മാസം 21ന് (ശനിയാഴ്ച) അവസാനിക്കുകയാണ്.