‘ഞങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയായിരുന്നു’; റിയാസിന്റെ വിവാഹ വാര്‍ഷിക പോസ്റ്റിന് ചാണ്ടി ഉമ്മന്റെ മറുപടി

വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കാളി വീണയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പിന് പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍.

തങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയാണെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇന്ന് വിവാഹ വാര്‍ഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചാരണങ്ങളിലെ വേദനയെ പുഞ്ചിരിയോടെ നേരിടുന്നയാളാണ് വീണ എന്നായിരുന്നു റിയാസിന്റെ കുറിപ്പ്.

Loading...

കുറിപ്പ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ ചന്ദ്രന്‍ മാക്കുറ്റിയും പ്രതികരണവുമായി എത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നിലുണ്ടായിരുന്നു എന്നായിരുന്നു പോസ്റ്റിന് താഴെ റിജില്‍ മാക്കുറ്റിയുടെ കമന്റ്.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കുറിപ്പ്:

ഇന്ന് വിവാഹ വാര്‍ഷികം…നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച്‌ തിന്നുമ്ബോള്‍ അനുഭവിക്കേണ്ട വേദനയെ,വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്നഎന്റെ പ്രിയപ്പെട്ടവള്‍

ചാണ്ടി ഉമ്മന്റെ പ്രതികരണം:

ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല!

റിജില്‍ മാക്കുറ്റിയുടെ കമന്റ്:

ഉമ്മന്‍ചാണ്ടി സാറിനും ഒരു കുടുംബം ഉണ്ടായിരുന്നു. അവരുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നില്‍ തന്നെ ഉണ്ടായിരുന്നു.