ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ച് മീരാബായ് ചാനു, അഭിമാന നേട്ടം

ടോക്കിയോ: ഇന്ത്യയ്ക്കിത് അഭിമാന നിമിഷം. ടോക്ക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ‌ സമ്മാനിച്ചിരിക്കുകയാണ് മീരാബായ് ചാനു. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടിയത്. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയർത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചിൽ 87 കിലോയും ജർക്കിൽ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചാനു.

ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിക്ക് ശേഷം ഇത് ആദ്യമായാണ് ഇന്ത്യക്ക് മെ‍ഡൽ ലഭിക്കുന്നത് . ഈ ഇനത്തിൽ 21 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. 2000ൽ സിഡ്‌നിയിൽ കർണം മല്ലേശ്വരിയാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്.ഭാരോദ്വഹന വേദിയിൽ നിന്ന് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായി ഒളിംപിക് മെഡൽ ജേതാവ് കർണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു.

Loading...