പഞ്ചാബിൽ ട്വിസ്റ്റ്; ചരൺജിത് സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ

ദില്ലി: ആകാംക്ഷകൾക്ക് വിരാമമിട്ട് പഞ്ചാബ് കോൺ​ഗ്രസിൽ ട്വിസ്റ്റ്. അവസാന നിമിഷം കളം പിടിച്ചിരിക്കുന്നത് സിദ്ദുവാണ്. ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടാണ് നവ്ജ്യോത് സിം​ഗ് സിദ്ദു രംഗത്തെത്തിയത്. തുടർന്ന് ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്നാണ് ഹരീഷ് റാവത്ത് അറിയിച്ചിരിക്കുന്നത്. ജാതി സമവാക്യം പാലിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കാൻ തീരുമാനം ആയിട്ടുണ്ട്. മുഖ്യമന്ത്രിയായി സുഖ് ജിന്തർ സിംഗ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിൻ്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. എൽഎമാരുടെ പിന്തുണയും ഹൈക്കമാൻഡ് താൽപര്യവും മുൻമന്ത്രി സുഖ് ജിന്തർ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുൻപുള്ള സിദ്ദുവിൻറെ ഇടപെടലാണ് കാര്യങ്ങൾ മാറ്റി മറിച്ചത്.

ഗവർണ്ണറെ കാണാൻ സുഖ് ജിന്തർ സമയം തേടിയെന്ന റിപ്പോർട്ടുകൾ ഈ സമയം പുറത്ത് വന്നിരുന്നു. എന്നാൽ ചരൺ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാകണമെന്ന വികാരം ശക്തമാണെന്ന് സിദ്ദു ഹൈക്കമാൻഡിനെ അറിയിച്ചു. ദളിത് സിഖ് വിഭാഗത്തിൽ നിന്നുള്ള ചരൺ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാല് ‍ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകൾ അനുകൂലമാകുമെന്നും സിദ്ദു വാദിച്ചു.തുടർന്ന് തീരുമാനം ഹൈക്കമാൻഡ് മാറ്റുകയായിരുന്നുവെന്നാണ് വിവരം.പിന്നാലെ പഞ്ചാബിൻറെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി ഹരീഷ് റാവത്ത് ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. വൈകുന്നേരം ആറരയോടെ സിദ്ദുവിനൊപ്പമെത്തി ചരൺജിത്ത് സിംഗ് ചന്നി ഗവർണ്ണറെ കണ്ടു. അതേ സമയം അമരീന്ദർസിംഗ് സിംഗിനൊപ്പം നിന്ന ചന്നി അധികാരമാറ്റത്തിൽ ചന്നിക്കൊപ്പം ചേരുകയായിരുന്നു. ഭാവിയിൽ മുഖ്യമന്ത്രി പദം പ്രതീക്ഷിക്കുന്ന സിദ്ദു മുൻ നിര നേതാവല്ലാത്ത ചന്നിയെ രംഗത്തിറക്കി ഇതിനുള്ള സാധ്യത നിലനിര‍്‍ത്തുകയാണെന്നാണ് സൂചന. നിരാശയില്ലെന്ന് സുഖ് ജിന്തർ സിംഗ് രൺധാവ പ്രതികരിച്ചു. ചന്നിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Loading...