ആല്‍ഫൈന്‍ കൊലപാതകത്തിലെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും. ആല്‍ഫൈന്‍ കൊലപാതകത്തിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം.

2014 മെയ് ഒന്നിനാണ് ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റേയും സിലിയുടേയും മകളായ ആല്‍ഫൈന്‍ കൊല്ലപ്പെടുന്നത്. പുലിക്കയത്തെ വീട്ടിലെ ഒരു ആഘോഷത്തിനിടെ ജോളി ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കുകയായിരുന്നു. സയനൈഡ് ഉള്ളില്‍ ചെന്ന് അവശയായ ഒന്നര വയസുകാരി ആല്‍ഫൈന്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ മരിച്ചു.

Loading...

ജോളിയാണ് കൊലപാതകത്തില്‍ ഒന്നാം പ്രതി. ജോളിയുടെ സുഹൃത്ത് എം എസ് മാത്യു ആണ് രണ്ടാം പ്രതി. സയനൈഡ് എത്തിച്ച് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാറാണ് മൂന്നാം പ്രതി. കേസില്‍ 110 സാക്ഷികളാണുള്ളത്. സയനൈഡ് ഉള്ളില് ചെന്ന് ആല്‍ഫൈന്‍ മരിച്ച ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും പ്രധാന സാക്ഷികള്‍. 65 തെളിവുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്ബാടി സിഐ ഷാജു ജോസഫിന്റെ നേതൃത്വത്തില്‍ താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

ആല്‍ഫൈനെ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജോളി ചെറിയ ഡപ്പിയിലാക്കി സയനൈഡ് കരുതി. തക്കം കിട്ടിയപ്പോള്‍ ഇത് ബ്രഡില്‍ പുരട്ടി ആല്‍ഫൈന് നല്‍കാനായി എടുത്തുവച്ചു. ഇതൊന്നുമറിയാതെ ഷാജുവിന്റെ സഹോദരി ആന്‍സി ബ്രഡ് നല്‍കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

6 കൊലപാതകങ്ങള്‍ക്ക് ശേഷം ജോളി ലക്ഷ്യമിട്ടിരുന്നത് തന്റെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെയാണ്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസിലിരിക്കുമ്ബോള്‍ മരണപ്പെട്ടാലുള്ള സാമ്ബത്തിക ആനുകൂല്യങ്ങള്‍, ആശ്രിത നിയമനം തുടങ്ങിയവ മുന്നില്‍ കണ്ടായിരുന്നു ജോളിയുടെ ഈ നീക്കം. ആല്‍ഫൈന്‍ വധക്കേസിലെ കുറ്റപത്രത്തിന് പിന്നാലെ മാത്യുവിന്റെയും അന്നമ്മയുടെയും ടോം തോമസിന്റെയും വധക്കേസിലെ കുറ്റപത്രങ്ങള്‍ കൂടി അടുത്ത മാസാവസാനത്തോടെ കോടതിയില്‍ സമര്‍പ്പിക്കും. കുറ്റമറ്റരീതിയില്‍ കുറ്റപത്രം തയ്യാറാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അന്വേഷണ സംഘം.

കാപ്‌സ്യൂളില്‍ സയനൈഡ് നിറച്ചു നല്‍കിയാണ് ഭര്‍ത്താവ് ഷാജു സ്‌കറിയയുടെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയതെന്നു കുറ്റപത്രം വിശദീകരിക്കുന്ന്. താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജോളിയും സയനൈഡ് സംഘടിപ്പിച്ചു നല്‍കിയ എം.എസ്.മാത്യു, സ്വര്‍ണപ്പണിക്കാരനായ കെ.പ്രജികുമാര്‍ എന്നിവരാണ് പ്രതികള്‍. അവശയായ സിലിയെ സമീപം ആശുപത്രി ഉണ്ടായിട്ടും 12 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ ജോളി മരണം ഉറപ്പാക്കി. ആശുപത്രിയില്‍ വച്ച്‌ വെള്ളം ആവശ്യപ്പെട്ടപ്പോഴും ജോളി സിലിക്ക് സയനൈഡ് കലര്‍ത്തിയ വെള്ളമാണ് നല്‍കിയത്.

മറ്റു കൊലപാതകങ്ങള്‍ പോലെ വിദഗ്ധമായാണ് സിലിയുടെ മരണം ജോളി ഉറപ്പാക്കിയത്. സിലിയെ ചികിത്സിച്ച ഡോക്ടര്‍ വിഷം ഉള്ളില്‍ ചെന്നതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കില്‍ ഇതു കണ്ടെത്താമായിരുന്നു. സിലിയുടെ ഭര്‍ത്താവ് ഷാജുവിനു കൊലപാതകത്തില്‍ പങ്കില്ല. ഷാജുവിനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയത്. അതിനിടെ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പെരുമ്ബാവൂര്‍ നിയമ വിദ്യാര്‍ത്ഥിനി വധക്കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എന്‍.കെ.ഉണ്ണിക്കൃഷ്ണനെ നിയമിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി.

തൃശൂര്‍ ബാറിലെ അഭിഭാഷകനായ ഉണ്ണിക്കൃഷ്ണന്‍ പെരുമ്ബാവൂര്‍ വധക്കേസിനു പുറമേ ചാലക്കുടി സ്വീറ്റി വധക്കേസിലും സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു. നിലവില്‍ ചാവക്കാട് ഫനീഫ വധക്കേസിന്റെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാണ്. കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് അഞ്ചു കൊലപാതകങ്ങള്‍ നടത്തിയത് സയനൈഡ് ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലി കൊല്ലപ്പെട്ട സംഭവത്തില്‍ 1020 പേജുകളുള്ള കുറ്റപത്രം വെള്ളിയാഴ്ച താമരശ്ശേരി കോടതിയിലാണ് സമര്‍പ്പിച്ചത്. ഈ കേസിലും ജോളി തന്നെയാണ് ഒന്നാംപ്രതി. മാത്യു രണ്ടാം പ്രതിയും സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്.