ചവറ എംഎല്‍എ എ.എന്‍ വിജയന്‍പിള്ള അന്തരിച്ചു

കൊച്ചി; ചവറ എംഎല്‍എ ആയിരുന്ന എ.എന്‍ വിജയന്‍പിള്ള അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇടതുസ്വതന്ത്രനായി മത്സരിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെ തോല്‍പ്പിച്ചാണ് അദ്ദേഹസം നിയമസഭയിലെത്തിയത്.

ആര്‍എസ്പി ബേബി ജോണ്‍ വിഭാഗ നേതാവായിരുന്നു വിജയന്‍ പിള്ള. ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ ചേര്‍ന്നു. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ വിജയന്‍പിള്ള കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു. തുടര്‍ന്ന് എല്‍ഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി.

Loading...

ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ എസ് പി ഇതര എം എൽ എ ആണ് എൻ. വിജയൻ പിള്ള. ചവറ മടപ്പള്ളി വിജയമന്ദിരത്തിൽ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് ‌വിജയൻപിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്‍തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തി. ഭാര്യ: സുമാദേവി, മൂന്ന് മക്കള്‍.