ഓണ്‍ലൈന്‍ രജിസ്റ്റ്രേഷന്റെ പേരില്‍ 24 ലക്ഷം തട്ടിയെടുത്തയാള്‍ പേലീസ് പിടിയില്‍

തൃശൂര്‍:  വായ്പ ശരിയാക്കാമെന്നു പറഞ്ഞു വയോധിക ദമ്പതികളില്‍ നിന്നു 24 ലക്ഷം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതിയെ ഷാഡോ പോലീസും വെസ്റ്റ് പോലീസും ചേര്‍ന്നു പിടികൂടി. ഇടുക്കി സ്വദേശിയും എറണാകുളം വെണ്ണലയിലെ താമസക്കാരനും നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയുമായ തെക്കേടത്ത് വീട്ടില്‍ സൈമണ്‍ ദേവസ്യ(56)യാണ് അറസ്റ്റിലായത്.കഴിഞ്ഞ ഡിസംബര്‍ 12നു രാവിലെ 11ന് കലക്ടറേറ്റിനു മുന്‍വശത്തായിരുന്നു തട്ടിപ്പ്. എറണാകുളം പിറവം സ്വദേശിയായ പ്രവാസിയാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സമ്പാദ്യം ബിസിനസില്‍ മുടക്കുകയും പല ബാങ്കുകളില്‍നിന്നു വായ്പയെടുത്തു വീട് പണിയുകയും ചെയ്തിരുന്നു. എന്നാല്‍, ബിസിനസ് നഷ്ടത്തിലായതോടെ വീടുപണിക്കു ബാങ്കുകളില്‍നിന്നെടുത്ത ബാധ്യത തീര്‍ക്കാന്‍ കഴിയാതെവന്നു.

ഇതേത്തുടര്‍ന്ന് ഏകദേശം രണ്ടരക്കോടി രൂപ വിലവരുന്ന സ്ഥലവും വീടും വില്‍ക്കുന്നതിനായി പരസ്യം നല്‍കി. തുടര്‍ന്ന് ഇവരുടെ പരിചയക്കാരനായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മുഖേന തമിഴ്നാട്ടിലെ തേനി, മധുര എന്നിവിടങ്ങളില്‍ രാജലക്ഷ്മി എന്ന പേരില്‍ സ്വന്തമായി പ്രൈവറ്റ് ബാങ്ക് ഉണ്ടെന്നും ലോണ്‍ ശരിയാക്കിത്തരാമെന്നും ബാങ്കുകളുടെ ബാധ്യത തീര്‍ക്കാമെന്നുംപറഞ്ഞു  സാജന്‍ ജോസഫ് എന്നപേരില്‍ സൈമണ്‍ ഇവരെ സമീപിക്കുകയായിരുന്നു. വായ്പയായതിനാല്‍ ബാങ്കിന്റെ പേരിലേക്ക് സ്ഥലം രജിസ്റ്റര്‍ ചെയ്തുതരുന്നത് സ്വന്തം ചെലവിലായിരിക്കണമെന്നും ബാങ്കിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലോണ്‍ ശരിയാകുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് പല തവണ ലോണിന്റെ ആവശ്യങ്ങള്‍ക്കായി സാജന്‍ ജോസഫ് വയോധിക ദമ്പതികളെ ബന്ധപ്പെടുകയും 4,35,000 രൂപ പല ആവശ്യങ്ങള്‍ക്കായി പരാതിക്കാരുടെ കൈയില്‍നിന്നു വാങ്ങുകയും ചെയ്തു.

സംസ്ഥാനത്ത് എവിടെയാണെങ്കിലും ഓണ്‍ലൈനില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യാമെന്നുംകലക്ടറേറ്റിന്റെ മുന്‍വശത്തേക്കു വരണമെന്നും സ്റ്റാമ്പ് പേപ്പറിന്റെ പണം അടയ്ക്കുന്നതിന് 20 ലക്ഷം രൂപ കൊണ്ടുവരണമെന്നും പറഞ്ഞു. പണവുമായെത്തിയ വയോധികന്റെ കൈയില്‍നിന്ന് 20 ലക്ഷം രൂപ വാങ്ങി സ്റ്റാമ്പ് പേപ്പര്‍ വാങ്ങുന്നതിനായി പോകുകയും സജി ജോസഫിന്റെ കൂടെ വന്ന സൈനുദ്ദീന്‍ എന്നയാളെ പരാതിക്കാരുടെ കൂടെ നിര്‍ത്തുകയും ചെയ്തു. കലക്ടറേറ്റിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് ഒരു ടാക്സി കാര്‍ വരികയും യൂണിഫോം ധരിച്ച പോലീസ് എസ്.ഐ. ഇറങ്ങിവന്ന് സാജന്‍ ജോസഫ് നിര്‍ത്തിയിരുന്ന ആളെ ബലമായി പിടിച്ച് ടാക്സിയില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അപ്പോള്‍ത്തന്നെ സാജന്‍ ജോസഫ് പരാതിക്കാരെ ഫോണില്‍ വിളിച്ച്, 20 ലക്ഷം രൂപ സ്‌ക്വാഡുകാര്‍ പിടിച്ചുവെന്നും പെട്ടെന്ന് രക്ഷപ്പെടണമെന്നും അറിയിച്ചു. പോലീസിന്റെ പിടിയിലായതോടെയാണ് ശരിയായ പേര് സൈമണ്‍ ദേവസ്യ എന്നാണെന്നും തട്ടിപ്പിനായി സാജന്‍ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും വ്യക്തമായത്.

Top