“പറ്റുന്ന പോലെ ഞാൻ സഹായിച്ചെന്നേയുള്ളു”: ചെല്ലാനത്തെ പൊതിച്ചോറിൽ നൂറ് രൂപവെച്ച ആ നന്മ മനസ്സ് മേരി ചേച്ചിയാണ്

കൊച്ചി: നവമാധ്യമങ്ങളിൽ ഇന്ന് വൈറലായ സംഭവമാണ് ചെല്ലാനത്തെ ചോറും പൊതിയും നൂറ് രൂപയും. ഈ നൂറ് രൂപ ആരാണ് വെച്ചതെന്ന് അറിയാൻ എല്ലാവർക്കും ഒരു പോടെ ആകാംക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ് ആ നന്മ നിറഞ്ഞ മനസ്സിനെ. ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ നന്മ മനസ്സിനെ കണ്ടെത്തിയത്. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ് ആ അമ്മ മനസ്സ് . മേരി ചേച്ചിയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ കണ്ണമാലി സ്റ്റേഷൻ ഒന്നടങ്കം എത്തി. സി ഐ ശ്രീ.ഷിജു, ചേച്ചിക്ക് ഉപഹാരം സമ്മാനിച്ചു. എല്ലാവരോടും കൈകൂപ്പി അവർ പറഞ്ഞു. “പറ്റുന്ന പോലെ ഞാൻ സഹായിച്ചെന്നേയുള്ളു.” ഈയൊരു കെട്ട കാലത്ത് കൈയ്യിൽ ഉള്ളതത്രെയും നൽകിയ മേരി ചേച്ചി മലയാളിയുടെ അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും മറ്റൊരു മാതൃകയാണ്.

ആഴ്ചകളായി ചെല്ലാനത്ത് നിന്നും ഒരാൾ പണിക്കു പോയിട്ട്, കടലാക്രമണവും രൂക്ഷം. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും മുന്നോട്ട് പോകുന്നത്. പണിയില്ലാതെയാകുന്നൊരാളുടെ വിഷമം മേരി ചേച്ചിയോട് പറയേണ്ട. കാരണം, കൂലി വേലക്കാരനായ ഭർത്താവിന് ജോലിയില്ലാതായിട്ട് നാലാഴ്ചയായി. അതുകൊണ്ട് കൈയ്യിൽ ഉണ്ടായിരുന്ന നൂറു രൂപ പൊതിച്ചോറിനൊപ്പം വെച്ചു. ആർക്കെങ്കിലും ഉപകാരപ്പെടട്ടെയെന്നു കരുതി.‌

Loading...

കഴിഞ്ഞ ദിവസം, കണ്ണമാലി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ വിതരണം ചെയ്യാനായി ശേഖരിച്ച ഭക്ഷണപ്പൊതികളിലൊന്നിൽ നിന്ന് ലഭിച്ചത് ഒരു നൂറ് രൂപ നോട്ടാണ്. ഊണ് പൊതിഞ്ഞ കവറിൽ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ നോട്ടായിരുന്നു അത്. വിവരം കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ പിഎസ് ഷിജു തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ഒരു പഴം കൊടുത്താൽ പോലും അത് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലും പത്രത്തിലും കൊടുക്കുന്ന ഇക്കാലത്ത്, വാങ്ങുന്നവൻ്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറിൽ 100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്പിൽ നമിക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.