ചെങ്ങന്നൂരിൽ കുഞ്ഞിനെ കൊന്ന് അമ്മയുടെ ആത്മഹത്യ; ഭർതൃവീട്ടുകാർക്കെതിരെ ആരോപണം

ആലപ്പുഴ: ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ഭർതൃവീട്ടുകാർക്കെതിരെയാണ് ഇപ്പോൾ യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. ഭർത്താവിന്റെ അച്ഛന്റെ മാനസിക പീഡനം യുവതിക്ക് ഉണ്ടായിരുന്നുവെന്നും ഇതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം എന്നുമാണ് കുടുംബം ആരോപിക്കുന്നത്. മരിക്കും മുൻപ് യുവതി ഇക്കാര്യങ്ങൾ തുറന്ന് പറയുന്ന വീഡിയോ ബന്ധുക്കൾ പുറത്തുവിട്ടു. ആത്മഹത്യക്കുറിപ്പും പുറത്തു വിട്ടിട്ടുണ്ട്. യുവതിയുടെ ഭർത്താവ് നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഭർത്താവ് മരിച്ച മനോവിഷമത്തിലാണ് യുവതി മകൾക്ക് വിഷം നൽകി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നു. പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയെന്ന ചെങ്ങന്നൂർ പൊലീസ് അറിയിക്കുന്നു.

Loading...