മുങ്ങിത്താഴുന്ന യുവാക്കളെ കണ്ട സ്ത്രീകൾ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞു കൊടുത്തു: മൂന്ന് സ്ത്രീകളുടെ സമയോചിതമായ ഇടപെടലിലൂടെ രണ്ടുപേർ മരണത്തിന്‍റെ മുനമ്പില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക്

ചെന്നൈ: മരണം മുന്നിൽ കാണുമ്പോൾ നമ്മുക്ക് മുന്നിൽ രക്ഷകരായെത്തുന്നത് ആരായിരിക്കും എന്ന് പറയാൻ കഴിയില്ല. ചെന്നൈയിൽ രണ്ട് യുവാക്കൾ അപകടത്തിൽ നിന്ന് രക്ഷപെട്ടത് മൂന്ന് സ്ത്രീകളുടെ സമയോചിതമായ ഇടപെടലിലൂടെയാണ്. മുങ്ങിത്താഴുന്ന യുവാക്കളെ കണ്ട സ്ത്രീകൾ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് കൊടുത്ത് അവരെ രക്ഷിക്കുകയായിരുന്നു. യുവാക്കൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ രക്ഷിക്കാൻ സാധിച്ചില്ല.

രണ്ടുപേർ മരണത്തിൻറെ മുനമ്പിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് വന്നത് തികച്ചും അത്ഭുതമായിരുന്നു. തമിഴ്‌നാട് പേരമ്പല്ലൂർ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടിൽ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

Loading...

സെന്തമിഴ് സെൽവി, മുത്തമൽ, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്തമഴ പെയ്യുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങുന്നതിനിടെയാണ് യുവാക്കളെ സ്ത്രീകൾ കണ്ടത്. ഡാമിന് ആഴം കൂടുതലാണ് എന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ സംഘത്തിൽ ഉണ്ടായിരുന്ന നാലുപേർ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സെന്തമിഴ് സെൽവി പറയുന്നു. യുവാക്കൾ മുങ്ങിത്താഴുന്നത് കണ്ട ഉടൻ തന്നെ മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകൾ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയായിരുന്നു. രണ്ട് യുവാക്കളെ രക്ഷിക്കാൻ സാധിച്ചു. മറ്റ് രണ്ട് യുവാക്കൾ വെളളത്തിൽ മുങ്ങിപ്പോകുകയും ചെയ്തു. ഫയർഫേഴ്സ് സംഘമാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.