കോടിയേരി തന്നെ കുറിച്ച് പറഞ്ഞത് പച്ച വർഗ്ഗീയത: തന്‍റെ ഡി.എൻ.എ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം: ചെന്നിത്തല

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഒഴിവാക്കാന്‍ 91ലേതുപോലുള്ള അവിശുദ്ധ ‘കോലീബി’ സഖ്യത്തിന് ശ്രമം നടക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണത്തിന് രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ച വര്‍ഗ്ഗീയതയാണ് കോടിയേരി ആരോപിച്ചതെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. പത്ത് നാൽപത് വർഷമായി ഈ തൊഴിലിനിറങ്ങിയിട്ട്. ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.

അതേസമയം അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തിന്‍റെ ഭാഗമായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Loading...

മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് അഴിമതി നടന്നത്. ഐടി വകുപ്പിന് കീഴിലെ നിയമനങ്ങളിലടക്കം അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു. ട്രാൻസ്ഗ്രിഡ് അഴിമതിയിൽ പി.ഡബ്ള്യൂ.സി പങ്ക് വ്യക്തമായി. ഇപിയുടെ ബന്ധു നിയമനമാണ് ആദ്യം ഉന്നയിച്ചത്. ഇ.പി രാജിവെച്ചു.ബ്രൂവറി അഴിമതി തെളിയിക്കപ്പെട്ടു. പൊലീസ് ഹെഡ്ക്വാട്ടേഴ്സ് അഴിമതിയിൽ അന്വേഷണത്തിന് സർക്കാർ തയ്യാറായില്ല. ലക്കും ലഗാനുമില്ലാതെ കേരളത്തിൽ കൺസൾട്ടൻസികളെ നിയമിക്കുകയാണ്. റോഡ് പണിയാൻ പോലും കൺസൾട്ടൻസിയെ നിയമിക്കുന്നു. മുഖ്യമന്ത്രി രാജി വെച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.