മുഖ്യമന്ത്രി പറയുന്ന കള്ളങ്ങള്‍ ഓരോ ദിവസവും പൊളിയുന്നു; രാജിവച്ച്‌ പുറത്തുപോകുന്നതാണ് അന്തസ്സെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച്‌ സിബിഐ സ്വയം കേസെടുത്ത് അന്വേഷണം തുടങ്ങിയത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറയുന്ന കള്ളങ്ങൾ ഓരോ ദിവസവും പൊളിയുകയാണ്. ഈ സാഹചര്യത്തിൽ രാജിവച്ച്‌ പുറത്തുപോകുന്നതാണ് അന്തസ്സ്. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്. യൂണിടാക്ക് ഓഫീസിൽ റെയ്ഡ് നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നു. എഫ്‌സിആർഐ നിയമത്തിന്റെ ലംഘനമുണ്ടായാൽ സിബിഐക്ക് നേരിട്ട് കേസെടുക്കാം. ‘അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. ഇപ്പോൾ എല്ലാ ഏജൻസികളുമായി. എൻഐഎ, എൻഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നിവ നേരത്തെതന്നെ അന്വേഷണം തുടങ്ങി. സിബിഐ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇപ്പോൾ നാല് ഏജൻസികളും കൊടുംപിടിച്ച അന്വേഷണം നടത്തുകയാണ്. കേരള ഭരണം എവിടെയെത്തി നിൽക്കുന്നുവെന്ന് ജനം വിലയിരുത്തണം.

Loading...

പാവപ്പെട്ടവർക്ക് വീടുവച്ച്‌ കൊടുക്കാനുള്ള പദ്ധതി എത്ര കോലംകെട്ട നിലയിലെത്തി നിൽക്കുന്നു. അഴിമതി, സ്വജന പക്ഷപാതം എന്നിവയുടെ വിഹാര കേന്ദ്രമായി ലൈഫ് മിഷൻ പദ്ധതി മാറി. ഇതൊന്നും അന്വേഷിക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ സിബിഐ അന്വേഷണം വരുമെന്നാണ് വ്യക്തമായിട്ടുള്ളത്’ ചെന്നിത്തല പറഞ്ഞു.